സാന്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിലെ പ്രശസ്തമായ നിശാക്ലബിന്റെ മേൽക്കൂര തകർന്നുവീണ് മരിച്ചവരുടെ എണ്ണം 79 ആയി. 160 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലർച്ചെ സംഗീത പരിപാടിക്കിടെയായിരുന്നു അപകടം.
ക്ലബിന്റെ മേൽക്കൂര പെട്ടെന്നു തകർന്നുവീഴുകയായിരുന്നു. ഉന്നത രാഷ്ട്രീയക്കാരും കായികതാരങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സംഭവസമയം ക്ലബിൽ ഉണ്ടായിരുന്നു. കനത്ത കോൺക്രീറ്റ് ബ്ലോക്കുകൾ ആളുകൾക്കുമേൽ പതിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ ഉണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരിൽ മോണ്ടെക്രിസ്റ്റി പ്രവിശ്യയുടെ ഗവർണറും എംഎൽബി കളിക്കാരനുമായ നെൽസൺ ക്രൂസിന്റെ സഹോദരി നെൽസി ക്രൂസ്, എംഎൽബി പിച്ചർ ഒക്ടാവിയോ ഡോട്ടൽ എന്നിവർ ഉൾപ്പെടുന്നു. മേൽക്കൂര തകർന്നതിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്.