സിജൊ ഡൊമിനിക്
ആലക്കോട്: ദേശീയ നൈപുണ്യ വികസനസമിതി (നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ) നടത്തിയ സ്കിൽ ഇന്ത്യാ മത്സരത്തിൽ സ്വർണമെഡലിന്റെ തിളക്കവുമായി മലയോരത്തുനിന്ന് വി.എസ്. ഡോണ. കേരളത്തിൽനിന്ന് രണ്ടു സ്വർണമെഡലുകളാണ് ദേശീയതലത്തിൽ ലഭിച്ചത്. കണ്ണൂർ കരുണാപുരം (ചാണോക്കുണ്ട്) സ്വദേശിയും കടവന്ത്ര വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിലെ കോസ്മെറ്റോളജി വിദ്യാർഥിയുമായ ഡോണ വിറകൊടിയനാൽ സിബിച്ചൻ ജേക്കബ്-മിനി ദന്പതികളുടെ മകളാണ്.
ഫ്ളോറിസ്റ്ററി വിഭാഗത്തിൽ ദേശീയതലത്തിൽ സ്വർണമെഡൽ നേടിയ ഡോണ അടുത്തവർഷം റഷ്യയിൽ കസാനിൽ നടക്കുന്ന വേൾഡ് സ്കിൽ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ന്യൂഡൽഹിയിൽ നടന്ന ദേശീയമത്സരത്തിൽ ആറു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ എതിരാളികളെ ബഹുദൂരം പോയിന്റുകൊണ്ട് പിന്നിലാക്കിയാണ് ഡോണയുടെ സ്വർണനേട്ടം. ഫ്ളവർ അറേഞ്ച്മെന്റാണു മത്സരം.
ലഭിക്കുന്ന തീം അനുസരിച്ച് പൂക്കൾ മനോഹരമായി ഒരുക്കി അലങ്കരിക്കണം. ആശയഭംഗി കൊണ്ടും ആലങ്കാരികത കൊണ്ടും മികച്ച കളർ കോന്പിനേഷൻ കൊണ്ടും മികവു പുലർത്തിയ ഡോണയെ പൂക്കളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത് പിതാവ് സിബിച്ചന്റെയും അമ്മ മിനിയുടെയും ഇടപെടലായിരുന്നു.
കുട്ടിക്കാലം മുതൽ പൂക്കളെ ഏറെ പ്രണയിച്ച ഡോണയ്ക്ക് അതിന് ഓർത്തിരിക്കാനും പറയാനും ഒട്ടേറെ അനുഭവങ്ങളുമുണ്ട്. സിബിച്ചനും സഹോദരൻ ലാലിച്ചനും ചേർന്ന് വീടിനോടുചേർന്ന് മനോഹരമായ നഴ്സറി നടത്തുന്നുണ്ട്. ഉത്തരമലബാറിലെ തന്നെ അറിയപ്പെടുന്ന നഴ്സറികളിലൊന്നാണിത്. ഏക്കർകണക്കിനു സ്ഥലത്ത് പൂക്കളുടെ വർണവിസ്മയം ഒരുക്കിയിരിക്കുന്ന മാൽബിൽ നഴ്സറിയിലൂടെയാണ് ഡോണ കുട്ടിക്കാലം മുതൽ പൂക്കളെ സ്നേഹിച്ചുതുടങ്ങിയത്. ചെറുപ്രായത്തിൽ തന്നെ പൂക്കളും ഇലകളും ഉപയോഗിച്ച് ബൊക്കെകളും മാലകളും ഉണ്ടാക്കി ശീലിച്ച ഡോണ പിന്നീട് ഇത് കൂടുതൽ ഗൗരവമായെടുത്തു.
വായാട്ടുപറന്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കണ്ണൂരിൽനിന്ന് ഫാഷൻ ഡിസൈനിംഗിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി. പിന്നീടാണ് കടവന്ത്രയിൽ കോസ്മെറ്റോളജി കോഴ്സിനു ചേർന്നത്.
സർക്കാർ സംരംഭമായ സ്റ്റേറ്റ് സ്കിൽ ഡവലപ്മെന്റ് വിഷനും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും ചേർന്ന് കഴിഞ്ഞ മാർച്ചിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന മത്സരത്തിൽ ഒന്നാംസ്ഥാനം നേടുകയും തുടർന്ന് ബംഗളൂരുവിൽ നടന്ന സൗത്ത് റീജണൽ മത്സരത്തിൽ ഒന്നാംസ്ഥാനവും നേടിയാണ് ഡൽഹിയിൽ നടന്ന ദേശീയ മത്സരവേദിയിൽ എത്തിയത്. 46 വിഭാഗങ്ങളിലായാണ് ഇന്ത്യാ സ്കിൽ മത്സരങ്ങൾ നടന്നത്.
രണ്ട് സ്വർണം കൂടാതെ അഞ്ച് വെള്ളിയും മൂന്നു വെങ്കലവും കേരളത്തിന് ലഭിച്ചു. ഡോണയെ കൂടാതെ സ്വർണം ലഭിച്ചത് ത്രീഡി ഗെയിം ആർട്ടിൽ വൈറ്റില സ്വദേശിയായ നിഥിനാണ്. ഇരുവർക്കും സ്വർണമെഡൽ നേട്ടത്തോടൊപ്പം ഒരുലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
കൂടാതെ റഷ്യയിൽ നടക്കുന്ന മത്സരത്തിനുമുന്നോടിയായി ദേശീയ നൈപുണ്യ വികസന സമിതി മുംബൈയിൽ ആറുമാസത്തെ സൗജന്യ പരിശീലനവും നൽകും. ഡോണയുടെ സുവർണനേട്ടം മലയോരത്തിനു മാത്രമല്ല സംസ്ഥാനത്തിനുതന്നെ അഭിമാനമാണ്. ഇത്തരം അവസരങ്ങൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്നും ഓരോരുത്തരിലുമുള്ള വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി മാതാപിതാക്കൾ പ്രോത്സാഹനം നൽകി വളർത്തിയെടുക്കണമെന്നുമാണ് പുതുതലമുറയ്ക്കുള്ള ഡോണയുടെ ഉപദേശം. ഡെറിൻ ഏക സഹോദരനാണ്.