സ്കൂളിലേയ്ക്ക് പോകുന്ന വഴിക്കും യാത്രയ്ക്കിടയിലുമൊക്കെ പാഠ്യഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികളെ എല്ലാവരും കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ കാറിനുള്ളിലിരുന്ന് പ്രസംഗപരിശീലനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനായുള്ള പ്രസംഗം പഠിക്കുന്ന ട്രംപിനെയാണ് വീഡിയോയില്‍ കാണുന്നത്. എംഎസ്എന്‍ബിസി കാമറയില്‍ ചിത്രീകരിച്ച ഈ രംഗങ്ങളില്‍ കാണുന്നത് കൈയ്യില്‍ പിടിച്ചിരിക്കുന്ന ഒരു പിടി കടലാസുകളില്‍ നോക്കി അതിലെ വാചകങ്ങള്‍ ഉരുവിടുന്ന ട്രംപിനെയാണ്. ഉരുവിട്ടതിന് ശേഷം കാറിലിരിക്കുന്ന മറ്റാളുകളെ ട്രംപ് നോക്കുന്നു. തന്റെ പ്രസംഗം കേട്ട മറ്റാളുകളുടെ പ്രതികരണമാണ് ട്രംപ് ഇത്തരത്തില്‍ കണ്ണ്തുറിച്ച് നോക്കിയതെന്നാണ് പറയപ്പെടുന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള യാത്രാമധ്യേ കാറിലിരുന്ന് പ്രസംഗം കാണാപാഠം പഠിക്കുന്ന ട്രംപിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍. പുറത്തെ കനത്ത മഴ പോലും ശ്രദ്ധിക്കാതെ പ്രസംഗ പരിശീലനം നടത്തുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തതോടെ ട്വിറ്റര്‍ ട്രോളന്മാര്ക്ക് ആഘോഷിക്കാനുള്ള വകയുമായി. മെക്സിക്കന്‍ മതില് നിര്‍മ്മിക്കുന്നതിനെ പറ്റിയും കാന്‍സാസിലെ ആക്രമണത്തെ അപലപിച്ചും അമേരിക്കന്‍ കോണ്‍ഗ്രസിലെ ട്രംപിന്റെ പ്രസംഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും അമേരിക്കന്‍ പ്രസിഡന്റ് പ്രസംഗം പഠിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ പരിഹാസവും ട്വിറ്ററിലൂടെ ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം ഏകാധിപതിയാവാനുള്ള പോസ് പരിശീലിക്കുകയാണെന്നും ചിലര്‍ പരിഹസിക്കുന്നു.
President Trump appeared to be practicing his speech on the drive to the Capitol. #JointSession pic.twitter.com/ZFHmWIig8L
— TODAY (@TODAYshow) March 1, 2017