ദൈവങ്ങളെ ആരാധിക്കുക എന്ന് പറയുന്നത് വിശ്വാസികളുടെയിടയില്‍ സര്‍വസാധാരണമാണ്. വ്യക്തികളെ ആരാധിക്കുന്നവരും നിരവധിയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തെലുങ്കാനക്കാരനായൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ആരാധിക്കുകയും അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കും. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ആരാധിക്കുക മാത്രമാണെങ്കിലും പോട്ടെന്ന് വയ്ക്കാം. ഇതിപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോ പൂജിച്ച് അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുകയാണ്.
ഇദ്ദേഹം തന്റെ ഒരോ ദിവസവും ആരംഭിക്കുന്നതു തന്നെ ട്രംപിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ്. പോകുന്ന സ്ഥലങ്ങളിലെല്ലാം മഞ്ഞള്‍ക്കുറി തൊട്ട ട്രംപിന്റെ ഒരു ഫോട്ടോയും ഒപ്പം കരുതും. പ്രാര്‍ത്ഥനയും പൂജയും ഒരു ദിവസം പോലും മുടക്കാറില്ല. ട്രംപിനായി ഒരു തീര്‍ത്ഥാടന കേന്ദ്രം പണിയാനുള്ള ഒരുക്കത്തിലുമാണ് തെലങ്കാനയിലെ ഈ യുവാവ്.
ബുസ്സ ബാലകൃഷ്ണ എന്ന ഈ മുപ്പത്തിയൊന്നുകാരന്‍ ട്രംപിനെ ദൈവമാക്കിയതിനു പിന്നാലെ ഇദ്ദേഹത്തിന്റെ കുടുംബം പോലും ഉപേക്ഷിച്ചു പോയി. പലരും മാനസിക രോഗത്തിന് ചികിത്സ തേടാന്‍ ഉപദേശിച്ചു. എങ്കിലും പിന്‍മാറാനും ഈ ആരാധന നിര്‍ത്താനും ബുസ്സ തയ്യാറല്ല. പറഞ്ഞുവരുന്നത് തെലങ്കാനയിലെ ഉള്‍ഗ്രാമത്തിലെ കര്‍ഷകനായ യുവാവിനെ കുറിച്ചാണ്. ദൈവത്തെ പോലെ ട്രംപിനെ ആരാധിക്കുന്ന ഇയാളെ കണ്ട് ഭ്രാന്താണെന്ന് പറയാന്‍ വരട്ടെ, അദ്ദേഹത്തിനുമുണ്ട് പറയാന്‍ തക്കതായ കാരണം.
ട്രംപിനെ താന്‍ ആരാധിക്കുന്നത് അദ്ദേഹത്തിനും മറ്റ് അമേരിക്കക്കാര്‍ക്കും ഇന്ത്യയിലെ ജനങ്ങളുടെ മഹത്വം മനസിലാക്കി കൊടുക്കാന്‍ വേണ്ടിയാണെന്ന് ബുസ്സ പറയുന്നു. അമേരിക്കയിലെ ടെക്കിയായിരുന്ന ശ്രീനിവാസ് കുച്ചിഭോലയുടെ ക്രൂര കൊലപാതകമാണ് ബുസ്സയുടെ ജീവിതരീതി തന്നെ മാറ്റി മറിച്ചത്.
ഹൈദരാബാദുകാരനായ ശ്രീനിവാസ് വര്‍ഷങ്ങളായി അമേരിക്കയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. 2017 ഫെബ്രുവരി 22നാണ് അമേരിക്കന്‍ മുന്‍ നേവി ഉദ്യോഗസ്ഥന്‍ ഒരു ബാറില്‍ വെച്ച് ശ്രീനിവാസിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കാരണമാകട്ടെ വംശവെറിയും.
വംശീയമായ അധിക്ഷേപം നടത്തിയ ശേഷം ശ്രീനിവാസിനേയും ഇന്ത്യക്കാരനായ മറ്റൊരു സുഹൃത്തിന് നേരെയുമാണ് അമേരിക്കന്‍ വംശജന്റെ ആക്രമണമുണ്ടായത്. അന്ന് ഒരു ഇന്ത്യക്കാരന് നേരെ വംശീയതയുടെ പേരിലുണ്ടായ ആ ആക്രമണം തന്നെ തകര്‍ത്തുകളഞ്ഞെന്ന് ബുസ്സ പറയുന്നു.
ഈ കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തിയാണ് തന്നെ ഈ രീതിയില്‍ ചിന്തിപ്പിച്ചത്. വംശത്തിനും ജാതിക്കും മതത്തിനും എന്തിന് സ്വന്തം ദൈവവിശ്വാസത്തിനും അപ്പുറമായി എന്തിനേയും സ്വീകരിക്കാന്‍ തയ്യാറുള്ള മനസ്സുള്ളവരാണ് ഇന്ത്യക്കാരെന്ന് ഓരോ അമേരിക്കക്കാരനും മനസിലാക്കാനാണ് താന്‍ ഇത്തരത്തിലൊരു വഴി തെരഞ്ഞെടുത്തതെന്നും ഒട്ടും ശങ്കയില്ലാതെ തന്നെ ബുസ്സ പറയുന്നു.
താന്‍ ട്രംപിനെ ആരാധിക്കുന്ന വാര്‍ത്ത എന്നെങ്കിലും അമേരിക്കക്കാര്‍ അറിയുമെന്നും, അന്ന് അവരോടുള്ള ഇന്ത്യക്കാരുടെ സ്നേഹവും സഹാനുഭൂതിയും അമേരിക്കന്‍ ജനതയ്ക്ക് മനസിലാക്കുമെന്നും ബുസ്സ പറയുന്നു. ഓരോ ഇന്ത്യക്കാരനും ആത്മീയ ശക്തികൊണ്ട് ആരേയും വിജയിക്കാനാകുമെന്നും, വെറുപ്പ് കൊണ്ടല്ലാതെ സ്നേഹം കൊണ്ടും ആരാധനകൊണ്ടും ആരേയും കീഴടക്കാനാകുമെന്നും ഈ യുവാവ് അടിയുറച്ച് വിശ്വസിക്കുന്നു.