ലോകത്ത് ആരെയും വിറപ്പിക്കാൻ ശേഷിയുള്ള വന്പനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ലോകപോലീസായ ട്രംപിനെ കിടുകിടെ വിറപ്പിച്ചിരുന്ന ഒരാളുണ്ട്.
ആ ആളെ ഏറെ പേടിച്ചു കഴിഞ്ഞിരുന്ന ട്രംപിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നു. ഇതുവരെ പുറംലോകം അറിയാതിരുന്ന ട്രംപ് കഥകൾ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ കുടുംബാംഗം തന്നെയാണ്.
കുട്ടിയായിരുന്നപ്പോൾ വൈകാരികമായി ഒരുപാട് അപമാനിക്കപ്പെട്ട വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. അദ്ദേഹത്തിന്റെ അച്ഛൻ ഫ്രഡ് ട്രംപിന്റെ പരുക്കനും കർശനക്കാരനും ദയയില്ലാതെ പെരുമാറുന്നയാളുമായിരുന്നു. അതിനാൽ ട്രംപിന്റെ കുട്ടിക്കാലം ഒരു ദുഃസ്വപ്നം പോലെ പേടിപ്പെടുത്തുന്നതായിരുന്നു.” -ടൂ മച്ച് ആൻഡ് നെവർ ഇനഫ്, മേരി ട്രംപ്
ദുഃസ്വപ്നം പോലെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് ബന്ധു മേരി ട്രംപ് എഴുതിയ വിവാദപുസ്തകം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. പ്രഖ്യാപനം മുതൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പുസ്തമാണ് മേരി ട്രംപിന്റെ ” ടൂ മച്ച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേൾഡ്സ് മോസ്റ്റ് ഡെയ്ഞ്ചറസ് മാൻ”. ട്രംപിന്റെ ജ്യേഷ്ഠ സഹോദരൻ ഫ്രഡ് ട്രംപ് ജൂനിയറിന്റെ മകളാണ് മേരി ട്രംപ്.
ട്രംപിനെയും കുട്ടിക്കാലം മുതൽ അദ്ദേഹം വളർന്നു വന്ന കുടുംബസാഹചര്യങ്ങളെയും കുറിച്ചു പറയുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടസപ്പെടുത്താൻ ട്രംപ് കുടുംബം ശ്രമിച്ചത് കൂടുതൽ വിവാദങ്ങൾക്കു വഴിയൊരുക്കി.
ട്രംപ് പിതാവിൽനിന്നു വൈകാരികമായ പീഡനത്തിന് ഇരയായെന്നും ഇത് അദ്ദേഹത്തെ വളരെയധികം വ്രണപ്പെടുത്തിയെന്നും മേരി തന്റെ പുസ്തകത്തിലൂടെ പറയുന്നു.
സ്നേഹം എന്തെന്നറിയാതെ വളർന്ന ഒരു കുട്ടി ലോകം കണ്ട ഏറ്റവും വലിയ അപകടകാരിയായി എന്നാണ് “”എന്റെ കുടുംബം ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ സൃഷ്ടിച്ചു” എന്ന തലക്കെട്ടിലൂടെ മേരി പറയുന്നത്.
കുടുംബരഹസ്യങ്ങൾ വിളിച്ചു പറയുന്ന പുസ്തകത്തിലൂടെ ട്രംപിനെ താഴെയിറക്കുമെന്ന് മേരി ട്രംപ് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ആക്സിയോസിന്റെ റിപ്പോർട്ട് പറയുന്നു.
കോളിളക്കം
“രണ്ടാം വയസു മുതൽ കുഞ്ഞു ട്രംപിനെ കാത്തിരുന്നത് അവഗണന മാത്രമായിരുന്നു. അമ്മയ്ക്ക് അസുഖം വന്നതോടെ കുഞ്ഞിന്റെ പരിചരണം അച്ഛൻ ഫ്രഡ് ട്രംപ് സീനിയർ ഏറ്റെടുത്തു. ഇതു ട്രംപിനു സമ്മാനിച്ചത് വേദന മാത്രമാണ്.
കുട്ടികളെ പരിചരിക്കുന്നത് തന്റെ ചുമതലയല്ല എന്നാണ് ഫ്രഡ് വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെക്കാൾ അദ്ദേഹം പ്രാധാന്യം നൽകിയിരുന്നതു സ്വന്തം ഇഷ്ടങ്ങൾക്കായിരുന്നു.” മേരി എഴുതുന്നു. ഡോണാൾഡ് ട്രംപ് ഒരു കോമാളിയാണെന്നു പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരിയും ജഡ്ജിയുമായ മേരിആൻ ട്രംപ് ആണെന്നതും മേരി പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മേരി ട്രംപിന്റെ പുസ്തകത്തിൽ വായനക്കാരെ പിടിച്ചുലയ്ക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. സൈമൺ ആൻഡ് ഷൂസ്റ്റർ പ്രസിദ്ധീകരിക്കുന്ന പുസ്തകം ജൂലൈ 14ന് റിലീസ് ചെയ്യും.
ജൂലൈ 28ന് പ്രസിദ്ധീകരിക്കാനികുന്ന പുസ്തകത്തിന്റെ റിലീസ് ജനങ്ങളിൽ നിന്നുയർന്ന വന്പിച്ച പ്രതികരണത്തെത്തുടർന്നാണ് നേരത്തെയാക്കുന്നതെന്ന് പ്രസാധകർ പറഞ്ഞു.
രോഷത്തോടെ ട്രംപ് ഒാഫീസ്
പുസ്തകത്തെക്കുറിച്ചുള്ള വാർത്തകൾ വിവാദങ്ങൾ സൃഷ്ടിച്ചതോടെ ട്രംപിന്റെ ഓഫീസ് എഴുത്തുകാരിയുടെ വാദങ്ങളെ തള്ളി രംഗത്തെത്തി. മേരി ട്രംപിന്റെ സ്വാർഥ സാന്പത്തിക താത്പര്യങ്ങളാണ് പുസ്തകത്തിനു പിന്നിലെന്നും ട്രംപിന്റെ ഓഫീസ് പറയുന്നു.
കഴിഞ്ഞ മൂന്നു വർഷമായി പ്രസിഡന്റ് ട്രംപ് അമേരിക്കയിലെ ജനങ്ങൾക്കായി പ്രവർത്തിക്കുന്നു. എന്നിട്ടെന്തുകൊണ്ടാണ് ഇത്രയും നാൾ മൗനം പാലിച്ചിരുന്നയാൾ ഇപ്പോൾ ഇതൊക്കെ പറയുന്നത്?പ്രസിഡന്റിന്റെ വക്താവ് സാറാ മാത്യൂസ് ദ സണിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു.
” പിതാവുമായി വളരെ ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ആളാണ് ട്രംപ്. അച്ഛൻ അദ്ദേഹത്തോടു വളരെ സ്നേഹത്തോടെയാണ് ഇടപഴകിയിട്ടുള്ളതെന്നും ചെറുപ്പത്തിലും അത് അങ്ങനെ തന്നെയായിരുന്നുവെന്നും ട്രംപ് പറയുന്നു.” സാറ കൂട്ടിച്ചേർത്തു.
ഇന്നും ഡൊണാൾഡ് ട്രംപ് മൂന്നു വയസുള്ള കുട്ടിതന്നെയാണ്. വളരാനോ പഠിക്കാനോ ഇടപഴകാനോ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇടാനോ അദ്ദേഹത്തിനു സാധിക്കുന്നില്ലെന്നു പുസ്തകത്തിന്റെ പിന്നിൽ കുറിച്ചിരിക്കുന്നു.
കാര്യം എന്തൊക്കെയാണെങ്കിലും പ്രസിദ്ധീകരണത്തിന് ഒരാഴ്ച മുൻപു തന്നെ മേരി ട്രംപിന്റെ ടൂ മച്ച് ആൻഡ് നെവർ ഇനഫ് ആമസോൺ നോൺ ഫിക്ഷൻ വിഭാഗത്തിൽ ആദ്യ നാലിൽ ഇടം നേടിക്കഴിഞ്ഞു. മേരി ട്രംപും പ്രസാധകരായ സൈമൺ ആൻഡ് ഷൂസ്റ്ററും ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതിയിൽ നിന്ന് താത്കാലിക വിലക്ക് നേരിട്ടെങ്കിലും അടുത്ത ദിവസം തന്നെ പ്രസാധകനെതിരായ വിലക്ക് അപ്പീൽ കോടതി നീക്കി.