ഇപ്പോഴും വിശ്വസിക്കുന്നത് ജയിച്ചത് താനാണെന്ന് ! തോറ്റമ്പിയിട്ട് ഒരാഴ്ചയായെങ്കിലും വൈറ്റഹൗസില്‍ നിന്ന് ഇറങ്ങിക്കൊടുക്കുകയില്ലെന്നുറപ്പിച്ച് ഡോണള്‍ഡ് ട്രംപ്; അമേരിക്കയില്‍ ഭരണപ്രതിസന്ധി ഉടലെടുക്കുമ്പോള്‍…

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയായെങ്കിലും തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാതെ ഡോണള്‍ഡ് ട്രംപ്. ജയിച്ചത് താനാണെന്ന് ദിവാസ്വപ്‌നം കണ്ടു നടക്കുകയാണ് കക്ഷി.

അടുത്തയാഴ്ച്ച തന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് ഏറ്റവും പുതിയ അവകാശവാദം. ഏതായാലും, സാധാരണ പോലുള്ള ഒരു അധികാരക്കൈമാറ്റം ഇത്തവണ അമേരിക്കയില്‍ നടക്കുമോ എന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

മഹത്തായ പാരമ്പര്യം പേറുന്ന അമേരിക്കന്‍ ജനാധിപത്യത്തിനു മേല്‍ പതിച്ച ഒരു കറുത്ത സംഭവമായി, ഇത്തവണത്തെ പ്രസിഡണ്ട് രേഖപ്പെടുത്തിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഒരു അസാധാരണ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും നിശ്ചയമുണ്ട്.

എന്നിരുന്നാലും രംഗം വഷളാക്കാതെ ശാന്തമായാണ് ബൈഡന്റെ പ്രതികരണം. ട്രംപുമായി കണ്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ട്രംപോ അദ്ദേഹത്തിന്റെ കൂടെയുള്ള ഉദ്യോഗസ്ഥരില്‍ ആരെങ്കിലുമോ ഇതുവരെ ബൈഡന്റെ വിജയത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്നത് ബൈഡന്‍ കാര്യമായി എടുക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ ആരോപിക്കുമ്പോഴും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ ട്രംപിനോ അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി പോംപിയോയ്‌ക്കോ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ബൈഡന്‍, അവര്‍ തന്റെ വിജയം അംഗീകരിക്കാതിരിക്കുന്നത് അമേരിക്കന്‍ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 സെനറ്റര്‍മാര്‍ ഉള്ളതില്‍ നാലുപേര്‍ മാതൃമാണ് ഇതുവരെ ബൈഡന്റെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചത് എന്നത്, രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ മുന്‍പെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണിത്.

തെരഞ്ഞെടുപ്പില്‍ എത്ര രൂക്ഷമായി പോരാടിയാലും, പരാജയം അംഗീകരിച്ച് വിജയിയെ അഭിനന്ദിക്കുക എന്നത് അമേരിക്കന്‍ ജനാധിപത്യത്തിലെ ഒരു രീതിയായിരുന്നു. കാര്യങ്ങള്‍ വിചാരിച്ചതു പോലെ നീങ്ങിയില്ലെങ്കില്‍ ബൈഡന് കോടതിയെ സമീപിക്കേണ്ടി വരും.

നിലവില്‍ അദ്ദേഹം സംഘര്‍ഷങ്ങളെ കാര്യമായി കരുതുന്നില്ല. അധികാരത്തിലെത്തിയാല്‍ ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന, ആരോഗ്യ രംഗത്തെ പുതിയ പരിപാടികളെ കുറിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ സംസാരിച്ചത്. താന്‍ തോറ്റെന്ന് ഇനി ആര് ട്രംപിനെ പറഞ്ഞു മനസ്സിലാക്കുമെന്നാണ് അമേരിക്കന്‍ ജനതയുടെ ആശങ്ക.

Related posts

Leave a Comment