യുഎസിന്റെ 244-ാം സ്വാതന്ത്ര്യദിനത്തില്‍ ചൈനയ്ക്കെതിരേ തുറന്നടിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ! നല്ല രീതിയില്‍ പോകുകയായിരുന്ന രാജ്യത്തിന് പണി തന്നത് ചൈനയില്‍ നിന്നു വന്ന കൊറോണ വൈറസാണെന്ന് ട്രംപ് വ്യക്തമാക്കി.
‘സല്യൂട്ട് ടു അമേരിക്ക’ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. ജൂലൈ നാലിനായിരുന്നു യുഎസ് സ്വാതന്ത്ര്യദിനം.’പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തിരുന്ന വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിനു ഡോളര്‍ യുഎസ് ഖജനാവിലേക്ക് നല്കുന്ന സ്ഥിതിയായി.
പക്ഷേ അതിനിടയിലാണു ചൈനയില്‍ നിന്നുവന്ന വൈറസ് നമ്മളെ ബാധിച്ചത്.’ ട്രംപ് പറഞ്ഞു. ഇപ്പോള്‍ വസ്ത്രങ്ങള്‍, മാസ്കുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവ യുഎസ് നിര്‍മിക്കുന്നു.
നേരത്തെ ഇതു ഭൂരിഭാഗവും വിദേശരാജ്യങ്ങളിലാണ് നിര്‍മിച്ചിരുന്നത്, പ്രത്യേകിച്ച് ചൈനയില്‍. വൈറസ് പടര്‍ന്നതും അവിടെനിന്നാണെന്നതാണ് വിരോധാഭാസം.
ചൈനയുടെ വഞ്ചനമൂലം കോവിഡ് ലോകമെങ്ങും പടര്‍ന്നു. ഇതിനു ചൈനയ്ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ട്.
ഇപ്പോള്‍ യുഎസ് അവിശ്വസനീയമാംവിധം നന്നായി പ്രവര്‍ത്തിക്കുന്നു. വാക്സിന്, ചികിത്സാരീതി എന്നിവയെക്കുറിച്ചു പരീക്ഷണങ്ങള്‍ നടക്കുന്നു.
ജീവന് രക്ഷിക്കാനുള്ള ചികിത്സകളും വാക്സിനും വേഗത്തില്‍ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള യുഎസിന്റെ ചരിത്രപരമായ ശ്രമത്തിന്റെ മുന്‍നിരയിലുള്ള ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും നന്ദി പറഞ്ഞ ട്രംപ് ഈ വര്‍ഷാവസാനത്തിനു മുന്‍പ് വാക്സിന് നിര്‍മിക്കാനാകുമെന്ന പ്രത്യാശയും പങ്കുവച്ചു