ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിലൂടെ ജനശ്രദ്ധ നേടിയ ‘ഫേക്ക് ന്യൂസ്’(വ്യാജ വാർത്ത) എന്ന വാക്കിനെ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പ്രചാരത്തില്‍ വന്ന ഇംഗ്ലീഷ് വാക്കായി കോളിന്‍സ് ഡിക്ഷണറി തെരഞ്ഞെടുത്തു. ഈ വാക്കിന്റെ ഉപയോഗം ഒരു വർഷത്തിനുള്ളിൽ 365 ശതമാനം വർധിച്ചുവെന്നാണ് കോളിന്‍സിന്റെ കണ്ടെത്തൽ.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലും തുടർന്നും ട്രംപ് മാധ്യമങ്ങളെ വിമർശിക്കാനായി ഏറ്റവുമധികം ഉപയോഗിച്ച പദമാണ് “ഫേക്ക് ന്യൂസ്’. വസ്തുതാ വിരുദ്ധവും വ്യാജവുമായ വാർത്തകളെ സൂചിക്കാനാണ് “ഫേക്ക് ന്യൂസ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ ലേബർ നേതാവ് ജെറിമി കോർബിനും തങ്ങളുടെ പ്രസംഗങ്ങളിൽ ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ‘ബ്രെക്സിറ്റ്’ എന്ന വാക്കാണ് ഏറ്റവും കൂടുതൽ പ്രചാരത്തില്‍ വന്ന ഇംഗ്ലീഷ് വാക്കായി തെരഞ്ഞെടുത്തത്. ഇത്തവണ ജെൻഡർഫ്ലൂയ്ഡ്, ഫിജറ്റ് സ്പിന്നർ, ഗിഗ് ഇക്കോണമി തുടങ്ങിയവയും ജനപ്രിയ വാക്കുകളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.