നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യയോടു കാണിക്കുന്ന സ്നേഹം അടവുനയമെന്ന് സൂചന. ട്രംപിന്റെ രതിലീലാ ദൃശ്യങ്ങള്‍ റഷ്യയുടെ കൈയ്യിലുണ്ടെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. റഷ്യയില്‍ വച്ചാണ് ഈ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതെന്നും സൂചനയുണ്ട്. ഈ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിടുമെന്ന പേടിയാണ് ട്രംപിനുള്ളതെന്നും ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതു കൂടാതെ റഷ്യയില്‍ അനധികൃതമായി ട്രംപ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ക്രയവിക്രയങ്ങളുടെ രേഖകളും റഷ്യയുടെ കൈയ്യിലുണ്ട് എന്നാണ് സൂചന. റഷ്യന്‍ സര്‍ക്കാരിനോട് അടുപ്പം വച്ചു പുലര്‍ത്തുന്നതിന് ഇതും ഒരു കാരണമായി. ആളുകള്‍ കരുതുന്നതിനപ്പുറമുള്ളതാണ് റഷ്യയില്‍ ട്രംപിന്റെ ബിസിനസ് സാമ്രാജ്യമെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന്റെ പ്രസിഡന്റ് ക്യാമ്പെയ്ന് റഷ്യയുമായി സഹകരിച്ചായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുടിന്റെ അടുത്ത അനുയായികള്‍, ഹാക്കര്‍മാര്‍, റഷ്യന്‍ പ്രഭുക്കന്മാര് തുടങ്ങിയവരുടെ സഹായവും ട്രംപിനു ലഭിച്ചു.
ട്രംപ് അവകാശപ്പെടുന്നത്ര ധനാഢ്യനല്ല അദ്ദേഹം എന്നും പത്രം പറയുന്നു. 2005ല്‍ ഒരു പത്രവര്ത്തകനു മുമ്പില്‍ വെളിപ്പെടുത്തിയ കണക്കനുസരിച്ച് 1000 കോടിയ്ക്കും 1700 കോടിയ്ക്കും ഇടയിലാണ് ട്രംപിന്റെ ആസ്തി. മാത്രമല്ല ട്രംപ് നികുതിയിനത്തില്‍ അടയ്ക്കുന്ന തുകയും വെളിപ്പെടുത്തിയിട്ടില്ലാത്തത് ഈ അഭിപ്രായം ശരിവയ്ക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ ഇഷ്ടത്തിനനുസരിച്ചായിരിക്കും ട്രംപ് ഭരിക്കുകയെന്ന ആശങ്കയും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. അധികാരമേല്‍ക്കും മുമ്പേ ട്രംപിനെതിരേയുള്ള പ്രതിഷേധങ്ങള്‍ അമേരിക്കയിലെങ്ങും അലയടിക്കുകയാണ്.