റാന്നി: അന്ധത ഇരുൾ നിറച്ച ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ ഓൺലൈനായി ഇനിമുതൽ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്കാം. മരണശേഷം കണ്ണുകൾ ദാനമായി നല്കുന്നവരുടെ കൂട്ടായ്മയായ കാഴ്ച നേത്രദാനസേനയാണ് ഓൺലൈൻ സമ്മതപത്രത്തിനു സൗകര്യമൊരുക്കുന്നത്.
കാഴ്ചയുടെ വെബ്സൈറ്റായ www.kazhcha.org എന്ന വെബ്സൈറ്റ് വഴി ഇനി ഏതൊരു വ്യക്തിക്കും കണ്ണുകൾ ദാനമായി നല്കാനുള്ള സമ്മതപത്രം രജിസ്റ്റർ ചെയ്യാം. ലോക കാഴ്ചദിനത്തോടനുബന്ധിച്ചാണ് കാഴ്ചയുടെ ഈ സംരംഭം.
2010 ഫെബ്രുവരിയിൽ രൂപീകൃതമായ കാഴ്ച സംഘടനയിൽ മരണശേഷം കണ്ണുകൾ ദാനം നല്കാൻ തയാറായി സമൂഹത്തിലെ പ്രമുഖരടക്കം 6000 ൽപരം അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കാഴ്ചയിൽ അംഗമായി മരണമടഞ്ഞ 12 പേരുടെ കണ്ണുകൾ 24 അന്ധരായ മനുഷ്യർക്ക് ഇന്നു വെളിച്ചമേകുന്നു. കാഴ്ചയിലെ അംഗങ്ങൾ മരണമടയുന്പോൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അന്ധതാ നിവാരണ സമിതിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മൂന്നു മണിക്കൂറിനകം വീട്ടിലോ ആശുപത്രിയിലോ എത്തി നേത്രപടലം ശേഖരിച്ച് സർക്കാർ മെഡിക്കൽ കോളജുകൾക്ക് കൈമാറും.
അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള അന്ധരായ മനുഷ്യർക്ക് മുൻഗണനാ ക്രമത്തിൽ ശസ്ത്രക്രിയ നടത്തി കാഴ്ച നല്കും. കാഴ്ചയിൽ അംഗമാകാൻ രജിസ്ട്രേഷൻ ഫീസോ അംഗത്വ ഫീസോ ഇല്ല. കണ്ണുകൾ ദാനമായി നല്കാൻ തയാറുള്ള ആർക്കും സൗജനമായി ഇതിൽ അംഗത്വം നേടാം.