സ്വന്തം ലേഖകൻ
തൃശൂർ: കോവിഡിനെതിരേ പ്രതിരോധ ശേഷി ആർജിക്കാൻ ഡോണാ ചായയുമായി ജൂബിലി മിഷൻ ആശുപത്രി.
ഡോണാ ടീയുടെ ചേരുവ തയാറാക്കിയതു ജൂബിലിയിലെ ആയുർവേദ ഡോക്ടറായ സിസ്റ്റർ ഡൊണാറ്റയാണ്. അതുകൊണ്ട് ഈ ഒൗഷധചായ്ക്കു പേരു ഡോണാ ചായ എന്നാക്കി.
അടുക്കളയിലെ മസാലക്കൂട്ടുകളായ ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്ക്കൊപ്പം തുളസി, ആടലോടകം, പനികൂർക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേർത്ത് തിളപ്പിച്ച് അൽപം തേയിലപ്പൊടിയും ശർക്കരയും ചേർത്താണു ഡോണാ ടീ തയാറാക്കുന്നത്.
കോവിഡ് പടർന്നുതുടങ്ങിയ മാർച്ച് മാസത്തിൽ ജൂബിലി മിഷൻ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഈയിനം ഒൗഷധചായക്കൂട്ടിന്റെ രഹസ്യം ഡോ. സിസ്റ്റർ ഡൊണാറ്റ മറ്റുള്ളവരുമായി പങ്കുവച്ചത്.
തിരുവനന്തപുരം ആയുർവേദ കോളജിൽനിന്ന് ബിഎഎംഎസ്, എംഡി ബിരുദങ്ങൾ നേടി 43 വർഷമായി ആയുർവേദ ചികിൽസാ, ഗവേഷണ രംഗത്തു ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റർ ഡൊണാറ്റ.
മാർച്ച് പകുതിയോടെ കാന്റീനിൽ ഈയിനം ചായ പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായി വിതരണം ചെയ്തുതുടങ്ങി. ഇപ്പോൾ ദിവസവും 20 ലിറ്റർ ചായ തയാറാക്കി നൽകുന്നുണ്ട്.
കാന്റീൻ ജീവനക്കാർ അടക്കം ഇരുന്നൂറോളം പേർ ദിവസവും സ്ഥിരമായി ഈ ഒൗഷധചായ കഴിക്കുന്നുണ്ടെന്ന് കാന്റീൻ മാനേജർ നെൽവിൻ സി. ജോണ് പറഞ്ഞു.
ഈയിനം ഒൗഷധച്ചായ ഇതിനകം അനേകം പേർ ശീലമാക്കി. കോവിഡ് രോഗികളും ഉപയോഗിച്ചു. ഫലമപ്രദമെന്ന് ഉപയോഗിച്ചവരുടെ സാക്ഷ്യം.
ഈ ഒൗഷധചായയുടെ വിശേഷം ഇവിടെ തീരുന്നില്ല. കാന്റീനിൽ വിതരണം ചെയ്യുന്ന ഡോണാ ടീയിൽ ഗേവേഷണവും ആരംഭിച്ചിരിക്കുകയാണ്.
പ്രതിരോധശേഷി ബോധ്യപ്പെട്ട ഡോ. സുപ്രിയ അടിയോടിയും ഡോ. ദീപ്തി വിജയരാഘവനുമാണ് ഇതു സംബന്ധിച്ച ഗവേഷണം ആരംഭിച്ചിരിക്കുന്നത്. റിസേർച്ച് പ്രൊജക്ട് തയാറായിക്കഴിഞ്ഞു.
ഡോണാ ടീക്കു പുറമേ, ചെന്പരത്തി ചായയും ജൂബിലി മിഷനിലെ ഡയറ്ററി ആൻഡ് ന്യൂട്രീഷ്യൻ വിഭാഗം നിർദേശിക്കുന്നുണ്ട്. ചെറുനാരങ്ങാനീരും തേനും ഇഞ്ചിനീരും ചെന്പരത്തിപൂവിന്റെ പത്ത് ഇതളുകളും ചേർത്താണ് ചെന്പരത്തി ചായ തയാറാക്കുന്നത്.