കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ചൈനക്കാരെ കഴിഞ്ഞേ ആളുള്ളു. പ്രത്യേകിച്ച് പുതിയ പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ അവര്‍ ബഹുമിടുക്കരാണ്. കാട്ടുമൃഗങ്ങളുടെ തൊലിയും മറ്റ് ശരീരഭാഗങ്ങളുമാണ് ഇവര്‍ മരുന്നുകള്‍ക്കായി കൂടുതല്‍ ഉപയോഗിച്ച് വരുന്നത്. ഇത്തരത്തില്‍ മൃഗങ്ങളെ കൊന്ന് അവയുടെ ശരീരഭാഗങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ഒട്ടുമിക്ക മൃഗങ്ങളും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴുതകളെയാണ് ഏറ്റവുമൊടുവിലായി മരുന്നുകള്‍ക്ക് ഇരയാക്കികൊണ്ടിരിക്കുന്നത്. കഴുതകളുടെ പുറത്തെ തോലാണ് മരുന്ന് നിര്‍മ്മാണത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്.
കഴുതത്തോല്‍ വെയിലത്തിട്ട് ഉണക്കിയശേഷം ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കുമ്പോള്‍ കിട്ടുന്ന ജലാറ്റിന്‍ എന്ന വസ്തുവാണ് മരുന്നിനായി ഉപയോഗിക്കുന്നത്. ഇജിയാവോ എന്നു പേരുള്ള മരുന്നിന്റെ നിര്‍മ്മാണത്തിനായാണ് കഴുതത്തോല്‍ കൂടുതലായും ഉപയോഗിക്കുന്നത്. പ്രദേശത്തെ പാരമ്പര്യ മരുന്നാണിത്. കഴുതത്തോല്‍ ഉപയോഗിച്ചും ഇത് നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയത് സമീപകാലത്താണ്. ഒരു കിലോ മരുന്ന് നിര്‍മ്മിച്ച് നല്‍കിയാല്‍ 300 രൂപ വരെ പ്രതിഫലം ലഭിക്കും. ഇക്കാരണത്താല്‍ തന്നെ നിരവധിയാളുകള്‍ ഈ രംഗത്തേയ്‌ക്കെത്തിയിട്ടുണ്ട്. സാധാരണക്കാര്‍ പോലും ഈ മരുന്നിന്റെ ആവശ്യക്കാരായ സാഹചര്യത്തില്‍ ഈ മരുന്നിന് വലിയ ഡിമാന്‍ഡുമുണ്ട്. രക്തശുദ്ധീകരണത്തിനും ജീവിതശൈലീരോഗങ്ങളെ തടയാനുമായാണ് ഈ മരുന്ന് ഉപയോഗിച്ചുവരുന്നത്.
മരുന്നിന് പുറമേ, ഫേസ്‌ക്രീമുകള്‍, ഫെയര്‍നെസ്സ് ക്രീമുകള്‍ എന്നിവ നിര്‍മ്മിക്കാനും കഴുതത്തോല്‍ ഉപയോഗിച്ചു വരുന്നു. വിദേശത്തുനിന്ന് കഴുതകളെ ഇറക്കുമതി ചെയ്താണ് മരുന്നിനായി ഉപയോഗിക്കുന്നത്. പലയിടങ്ങളില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുവന്നും കഴുതകളെ ഉപയോഗിക്കാറുണ്ട്. ഇക്കാരണങ്ങളാല്‍ കഴുതകളെ ജോലിയ്ക്കായി ഉപയോഗിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ കഴുതകളെ കിട്ടാനില്ലാത്ത അവസ്ഥയായിരിക്കുകയാണ്.