സിജോ പൈനാടത്ത്
കൊച്ചി: സാമ്പത്തിക സംവരണത്തിനെതിരെ (ഇഡബ്ല്യുഎസ്) കേരളത്തിലെ ചില പ്രസ്ഥാനങ്ങള്‍ പരസ്യനിലപാടെടുക്കുമ്പോള്, ഈ സംവരണത്തിന്റെ ആനുകൂല്യത്തില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങിയതിന്റെ ആശ്വാസത്തില്‍ ഒരു വിദ്യാര്‍ഥി.
ആലുവ കുട്ടമശേരി ഗവണ്മന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണിനു പ്രവേശനം നേടിയ ഡോണ്‍ സിബി നന്ദി പറയുന്നതു ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കിയ സര്‍ക്കാരിനോടും അതിനായി പ്രയത്നിച്ചവരോടുമാണ്.
സിറിയന്‍ കത്തോലിക്ക കുടുംബാംഗമായ ഡോണ്‍, സിബിഎസ്ഇ സിലബസിലാണു പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്. 84 ശതമാനം മാര്‍ക്കു നേടിയെങ്കിലും, ഹയര്‍ സെക്കന്‍ഡറി സംസ്ഥാന സിലബസിലേക്കെത്തുമ്പോള്, പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയില്‍ സ്വാഭാവികമായി പിന്നിലായിരുന്നു.
സംസ്ഥാന സിലബസിലെ പത്താം ക്ലാസുകാരേക്കാള്‍, സിബിഎസ്ഇയില് വിജയിച്ചവര്‍ക്കു പ്ലസ് വണ്‍ പ്രവേശന റാങ്കിംഗില്‍ പത്തു മാര്‍ക്ക് കുറയും.
ഈ ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭരണഘടനാഭേദഗതയിലൂടെ രാജ്യത്തു നടപ്പാക്കിയ സാമ്പത്തിക സംവരണത്തെക്കുറിച്ചു ഡോണിന്റെ മാതാപിതാക്കള്‍ മനസിലാക്കിയത്.
വില്ലേജ് ഓഫീസില്‍ നിന്നു കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും ഇഡബ്ല്യുഎസ് സംവരണത്തിന് ആവശ്യമായ അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്ലസ് വണ്‍ പ്രവേശന പ്രക്രിയയില്‍ സമര്‍പ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടമശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡോണിനു പ്രവേശനം ലഭിച്ചത്. പാറപ്പുറം പുതുശേരി പി.പി. സിബിയുടെയും മിനിയുടെയും മകനാണു ഡോണ്‍.
ഇഡബ്ല്യുഎസ് സംവരണത്തിലൂടെ പ്ലസ് വണ്‍ പ്രവേശനം കിട്ടിയില്ലായിരുന്നെങ്കില്‍, ഡോണിന്റെ തുടര്‍പഠനം അനിശ്ചിതത്വത്തിലാകുമായിരുന്നെന്നു സിബി പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന തങ്ങളുടെ കുടുംബത്തെ സംബന്ധിച്ച്, ഇഡബ്ല്യുഎസ് സംവരണം വലിയ സഹായമായെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം ലഭിച്ച ഡോണ്‍ മിടുക്കനായി പഠിക്കാനുള്ള തയാറെടുപ്പിലാണ്.