നിശാന്ത് ഘോഷ്
കണ്ണൂർ: ധനവകുപ്പ് ജീവനക്കാരുടെ വായടപ്പിച്ച് സർക്കാർ. ജീവനക്കാരിൽ പലരും സർക്കാർ നയങ്ങൾക്കെതിരേ പരസ്യമായും രഹസ്യമായും പ്രതികരിക്കുന്നതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെയോ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്താൻ പാടില്ലെന്ന കർശന നിർദേശമാണ് ഉത്തരവിലൂടെ പുറപ്പെടുവിച്ചത്.
ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തുന്നതായി ശ്രദ്ധയിൽപെട്ടാലോ പരാതി ലഭിച്ചാലോ മേലധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം 60 (എ) പൊടിതട്ടിയെടുത്താണ് ഇതു സംബന്ധിച്ച കർശന നിർദേശം ഉത്തരവായി പുറപ്പെടുവിച്ചത്.
സർക്കാർ ജീവനക്കാർ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റു രീതിയിലോ സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ, സർക്കാർ നടപടികളെയോ പൊതുജന മധ്യത്തിലോ, അസോസിയേഷനിലോ സംഘത്തിലോ ചർച്ച ചെയ്യാനോ വിമർശിക്കാനോ പാടില്ലെന്ന ചട്ടമാണ് ഒന്നുകൂടി പുതുക്കി കർശനമാക്കിയത്.
സർക്കാരിന്റെ സാന്പത്തിക സ്ഥിതികൾ പൊതുജനങ്ങളുമായും പങ്കുവയ്ക്കുന്നതും ജീവനക്കാർക്ക് അർഹമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കുടിശികയാകുന്നതിലുള്ള പ്രതിഷേധം നവമാധ്യമങ്ങളിലൂടെയും മറ്റും പ്രകടിപ്പിക്കുന്നതുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലിലാണ് ജീവനക്കാരുടെ അഭിപ്രായ പ്രകടനത്തിന് സർക്കാർ കൂച്ചുവിലങ്ങിട്ടത്.
ഉത്തരവിനെതിരേ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ജീവനക്കാരിൽ പ്രതിഷേധമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി പോരാട്ടം നടത്തി പോന്നിരുന്ന പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ ജീവനക്കാരെ നിശബ്ദമാക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് ഒരു പ്രമുഖ ഭരണാനുകൂല സംഘടനാ നേതാവ് പ്രതികരിച്ചു.
എന്ത് സർവീസ് നിയമപ്രകാരമാണെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം നിഷേധിക്കുന്നത് സ്വേഛാധിപത്യസമാന രീതിയാണെന്നാണ് ഒരു പ്രതിപക്ഷ സർവീസ് സംഘടനാ നേതാവിന്റെ പ്രതികരണം.