ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ പത്ര കടലാസുകള്‍ ഉപയോഗിക്കുന്നത് വിലക്കി ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി. പത്രക്കടലാസിലുള്ള മഷി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാരോട് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. പത്രകടലാസില്‍ അച്ചടിക്കുന്ന മഷിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുമ്പോള്‍ ഈ രാസ പദാര്‍ത്ഥങ്ങള്‍ അവയില്‍ കലരുകയും മനുഷ്യരിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാന്‍ പത്രകടലാസുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നത് വിലക്കുകയാണെന്നാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി അറിയിക്കുന്നത്.
പ്രായമായവരിലും കുട്ടികളിലും ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ വരെ വരുന്നതിന് ഈ രാസ പദാര്‍ത്ഥങ്ങള്‍ കാരണമാകും. ചെറുകിട ഹോട്ടലുകളിലും തട്ടുകടകളിലും ഇപ്പോഴും ഭക്ഷ്യ സാധനങ്ങള്പൊതിഞ്ഞ് നല്കുന്ന ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നിര്‍ത്തലാക്കണമെന്നും ദേശീയ ഭക്ഷ്യസു രക്ഷാ ഗുണനിലവാര അതോറിറ്റി അറിയിച്ചു. പത്രക്കടലാസില്‍ നേരിട്ട് ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതും അതില്‍ വച്ചു കഴിക്കുന്നതും ഒഴിവാക്കാന്‍ ഉടന്‍ നടപടിടെയുക്കണമെന്ന് അതോറിറ്റി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ചോറും അതുപോലുള്ള ഭക്ഷണവുമാണെങ്കില്‍ ഇലയില്‍ പൊതിഞ്ഞിട്ടാകും പത്രക്കടലാസില്‍ വീണ്ടും പൊതിയുക. ആ ഇല കീറിയാല്‍ പ്രശ്നമാകും. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പലതരം രാസവസ്തുക്കളുണ്ട് അച്ചടി മഷിയില്‍. കഴിക്കുന്നതിനു മുമ്പ് എണ്ണപ്പലഹാരങ്ങളിലെ എണ്ണകളയാന്‍ പത്രക്കടലാസ് ഉപയോഗിക്കുന്നത് പതിവാണ്. ട്രെയിനുകളിലും തട്ടുകടകളിലും ഇതു കൂടുതലാണ്. ഇതും അപകടകരമാണെന്ന് അതോറിറ്റി പറയുന്നു.