കോട്ടയം: ജില്ലയിലെ പോളിംഗ് ബൂത്തിൽ സ്വാഗതമേകാൻ കോട്ടയം ഡൂഡിലുകൾ. വിവിധ പോളിംഗ് സ്റ്റേഷനുകളിലാണു സ്വാഗതവും നെയിം ബോര്‍ഡുകളുമായി ചിത്രരചനാവൈഭവം തുളുമ്പുന്ന കോട്ടയം ഡൂഡിലുകള്‍ നിറഞ്ഞുനില്ക്കുന്നത്.
പത്തനാപുരം സ്വദേശിയും ചിത്രകാരിയുമായ ശിൽപ അതുലാണു ഡൂഡിലുകളുടെ വര. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ താത്പര്യപ്രകാരമാണു പോളിംഗ് ബൂത്തിൽ സ്ഥാപിക്കാനുള്ള പോസ്റ്ററുകൾ വരച്ചത്. ഫേസ്ബുക്കിൽ ശില്പയുടെ ഡൂഡിലുകള്‍ കണ്ടാണു കളക്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്വാഗതം ചെയ്തുള്ള ഡൂഡില്‍ പോസ്റ്ററിനൊപ്പം പ്രവേശനം, സമ്മതിദായകകേന്ദ്രം, സഹായകേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, കുടിവെള്ളം, പുറത്തേക്ക് എന്നിങ്ങനെയുള്ള ദിശാസൂചകങ്ങൾക്കൊപ്പം കോട്ടയത്തിന്റെ സവിശേഷതകളും വരച്ചുചേര്‍ത്തിട്ടുണ്ട്.
ജില്ലയിലെ പ്രധാന സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ദേവാലയങ്ങളും പൈതൃകകേന്ദ്രങ്ങളും ജില്ലയുടെ സവിശേഷതകളായ കായലും കരിമീനും കളക് ട്രേറ്റും മീനച്ചിലാറും തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പങ്കാളിത്തം ഉറപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത കഥാപാത്രം കോട്ടയം കുഞ്ഞച്ചനുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് ഡൂഡിലില്‍.
ഈ പോസ്റ്ററുകള്‍ ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ സ്വീകരണ/വിതരണ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രിക്കൊപ്പം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും.