ലോകം നീങ്ങുന്നത് ആറാം കൂട്ടവംശനാശത്തിലേയ്ക്ക്! ഞെട്ടിയ്ക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്; ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നതിതൊക്കെ

ലോകമുണ്ടായ കാലഘട്ടം മുതല്‍ തന്നെ കൂട്ടനാശവംശങ്ങളുമുണ്ടായിട്ടുണ്ട്. അഞ്ച് കൂട്ടനാശവംശങ്ങളാണ് ഇതുവരെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആറാമത്തെ കൂട്ടനാശവംശം എന്നാണെന്നത് സംബന്ധിച്ച് പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ ആ വംശനാശത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ ലോകം എന്ന റിപ്പോര്‍ട്ടാണ് ഏറ്റവും പുതുതായി പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ ഏറ്റവും മാരകഫലങ്ങള്‍ അടുത്ത 20 വര്‍ഷത്തിനകം മനുഷ്യരുള്‍പ്പെടെ എല്ലാവരും അനുഭവിക്കേണ്ടി വരും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ തന്നെ 30 വര്‍ഷത്തിനകം വേണമെന്നും പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കണ്ടുകൊണ്ടിരിക്കെ നമുക്കു ചുറ്റിലുമുള്ള ജീവിവര്‍ഗങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുന്ന അപൂര്‍വ പ്രതിഭാസമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുപക്ഷേ അധികമാരും അറിയുന്നുമില്ല, ശ്രദ്ധിക്കുന്നുമില്ല. ഒരുകാലത്ത് ഭൂമിയിലുണ്ടായിരുന്ന മൊത്തം മൃഗങ്ങളില്‍ 50 ശതമാനവും ഇപ്പോള്‍ യാത്ര പറഞ്ഞു കഴിഞ്ഞു. അതായത് കോടിക്കണക്കിന് മൃഗങ്ങള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. ഇത് മൊത്തത്തോടെ, പെട്ടെന്നൊരു ദിവസം ഇല്ലാതായതല്ല. മറിച്ച് പ്രാദേശികമായി ചിതറിക്കിടക്കുന്ന ജീവജാലങ്ങള്‍ അപ്രത്യക്ഷമാകുന്നതാണ്. ഇത്തരത്തില്‍ പ്രാദേശികമായുണ്ടാകുന്ന നാശങ്ങളാണ് ‘ജീവശാസ്ത്രപരമായ ഉന്മൂലന’ത്തിലേക്ക് ഭൂമിയെ നയിക്കുന്നതെന്നും പഠനം പറയുന്നു. ഇങ്ങനെ ഇല്ലാതാകുന്നതില്‍ നിലവില്‍ വംശനാശഭീഷണി നേരിടാത്ത ജീവികളുമുണ്ട്.

പക്ഷേ ലോകമെമ്പാടുമുള്ള കണക്കെടുക്കുമ്പോള്‍ എണ്ണത്തില്‍ കാര്യമായ പ്രശ്‌നമില്ലാത്തതിനാല്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ് സത്യം. പടര്‍ന്നുപിടിക്കുന്ന ഒരു പ്രതിഭാസമാണ് ഇത്. വമ്പന്‍ ജീവികള്‍ ഇല്ലാതാകുന്നതോടെ അവയുടെ നിഴല്‍ പറ്റി ജീവിക്കുന്ന ചെറുജീവികള്‍ എളുപ്പത്തില്‍ നശിക്കാവുന്ന അവസ്ഥയിലേക്കെത്തുകയാണ് ചെയ്യുന്നത്. ഇതുതുടര്‍ന്ന് പിന്നീട് മനുഷ്യരിലേയ്ക്കും എത്തും. ഗവേഷകര്‍ പറയുന്നത് സത്യമാണെങ്കില്‍ വംശനാശം തടയുന്ന കാര്യത്തില്‍ നമ്മള്‍ ഏറെ വൈകിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രാദേശികമായുണ്ടാകുന്ന ജീവികളുടെ നാശം തടയാന്‍ അടിയന്തരമായ നടപടികളുണ്ടായേ തീരൂ. പരിസ്ഥിതി നാശം തടയുക എന്നത് മാത്രമാണ് ഇനിയൊരു കൂട്ടനാശവംശം തടയാന്‍ ചെയ്യാവുന്ന പ്രധാനകാര്യം. ഇക്കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചാല്‍ തടയാവുന്നതാണ് ഇപ്പറയുന്ന കൂട്ടനാശവംശം .

Related posts