ലോകം അവസാനിക്കുന്ന നാളുകളില്‍ ഭൂമിയില്‍ വീണ്ടും ജീവിതം പുനരാരംഭിക്കേണ്ടുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ അതിനാവശ്യമായ മുന്‍കരുതലുകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നുവരുന്നുണ്ട്. അതിലൊന്നാണ് ലോകാവസാന ലൈബ്രറി. ലോകാവസാനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വായനശാല തുറന്നത് നോര്‍വെയിലാണ്. ലോകത്തെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ പതിപ്പാണ് നോര്‍വെയിലെ സ്വാല്‍ബാര്‍ഡിലുള്ള ലോകാവസാന വായനശാലയില്‍ സൂക്ഷിക്കുക. ആണവസ്ഫോടനം അടക്കമുള്ളവയെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഈ ലോകാവസാന വായനശാല.
നോര്‍വെക്ക് പുറമേ ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ അമൂല്യ ഗ്രന്ഥങ്ങള്‍ ഇതിനകം തന്നെ ലോകാവസാന വായനശാലയിലേക്ക് നല്‍കി കഴിഞ്ഞു. ലോകം എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധിയെ നേരിട്ടാല്‍ ഉപയോഗിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ചുവെച്ചിട്ടുള്ള ലോകാവസാന നിലവറയും ഇതേ പ്രദേശത്തു തന്നെയാണ്. ഭാവിയിലെ ഭക്ഷ്യ പ്രതിസന്ധിയെ മറികടക്കുകയെന്ന ലക്ഷ്യത്തിലാണ് ലോകാവസാന നിലവറ സ്ഥാപിച്ചത്.
ഹാര്‍ഡ് ഡിസ്‌കിന്റെയോ മറ്റ് സാധാരണ കംപ്യൂട്ടര്‍ വിവരശേഖരണ മാര്‍ഗങ്ങളിലൂടെയോ അല്ല ഈ ലോകാവസാന വായനശാലയില്‍ പുസ്തകങ്ങള്‍ ശേഖരിക്കുക. ഫിലിം രൂപത്തിലാണ് അമൂല്യഗ്രന്ഥങ്ങള്‍ സൂക്ഷിക്കുക. Piql എന്ന സ്ഥാപനമാണ് ഈ സാങ്കേതിക വിദ്യക്ക് പിന്നില്‍. യൂറോപ്യന്‍ യൂണിയന്റെയും നോര്‍വീജിയന്‍ റിസര്‍ച്ച് കൗണ്‍സില്‍ ആന്‍ഡ് ഇന്നവേഷന്റേയും സംയുക്ത സഹകരണത്തിലായിരുന്നു ഇതിനാവശ്യമായ ഗവേഷണങ്ങള്‍ സ്ഥാപനം നടത്തിയത്.
ഈ സാങ്കേതികവിദ്യ പ്രകാരം പുസ്തകങ്ങള്‍ കുറഞ്ഞത് ആയിരം വര്‍ഷത്തേക്ക് യാതൊരു കേടുപാടുകളുമില്ലാത്തവിധത്തില്‍ സൂക്ഷിക്കാനാകും. താപനിലയില്‍ വലിയ മാറ്റമില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്തരത്തില്‍ സൂക്ഷിക്കുന്നത്. നിലവില്‍ അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ ഈ പദ്ധതിയോട് സഹകരിച്ചിട്ടില്ല. താമസംവിനാ മറ്റു രാജ്യങ്ങളും ഇത്തരത്തില്‍ ലോകാവസാന നാളുകളിലേക്കുള്ള തയാറെടുപ്പുകള്‍ നടത്തുമെന്നാണ് കരുതപ്പെടുന്നത്.