ചേര്‍ത്തല: നിരവധി കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ കെഎസ്ഇബിയുടെ യുവ എന്‍ജിനിയര്‍ ബൈജു കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ പുതിയ ഉപകരണവുമായി രംഗത്ത്.
നിരവധി തവണ പലരും സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളിലെ വാതിലുകളുടെ കൈപ്പിടികളില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ആണ് ഈ ഉപകരണം.
ബാങ്കുകൾ, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ഒട്ടേറെപ്പേര്‍ ദൈനംദിനം സ്പര്‍ശിക്കുന്ന വാതില്‍ കൈപ്പിടികളിലൂടെയും കൊറോണ വൈറസ് വ്യാപിക്കുന്നതു തടയാന്‍ ഇതിനു കഴിയും.
ഇത് സ്ഥാപിച്ചിട്ടുള്ള വാതിലിന്റെ കൈപ്പിടിയില്‍ ഒരാള്‍ സ്പര്‍ശിക്കുന്നതിനു തൊട്ടുമുമ്പായി കൈപ്പിടിയില്‍ പൊതിഞ്ഞിരിക്കുന്ന പ്രത്യേക കവചത്തിലേയ്ക്ക് കൃത്യമായ അളവില്‍ ആല്‍ക്കഹോളിക് സാനിറ്റൈസര്‍ ലായനി ഓട്ടോമാറ്റിക്ക് ആയി എത്തുകയും അങ്ങനെ അത് വൈറസ് വിമുക്തമാകുകയും ചെയ്യുന്നു.
ഈ സംവിധാനം തന്നെ ചെറിയ മാറ്റങ്ങള്‍ വരുത്തി ഭിത്തിയിലോ മറ്റ് സ്ഥലങ്ങളിലോ സ്ഥാപിച്ചാല്‍ സാനിറ്റൈസറില്‍ കൈകൊണ്ടു നേരിട്ടു സ്പര്‍ശിക്കാതെ കൈ സാനിറ്റൈസറിന്റെ മുന്‍ഭാഗത്ത് കൊണ്ട് ചെല്ലുമ്പോള്‍ത്തന്നെ കൈയിലേയ്ക്ക് ലായനി സ്പ്രേ ആകുന്ന രീതിയിലും നിര്‍മിക്കാനാകുമെന്ന് ബൈജു പറഞ്ഞു.
ആള്‍ക്കാരുടെ സാന്നിധ്യം അറിയുന്ന ഇന്‍ഫ്രാറെഡ് സെന്‍സർ, കണ്ട്രോള് സര്‍ക്യൂട്ട്, മൈക്രോ പമ്പ്, വാല്‍വ്, ബാറ്ററി, സ്വിച്ച്, ചെറിയ കുഴലുകൾ, വാതില്‍പ്പിടിയില്‍ ഉറപ്പിക്കുന്ന പ്രത്യേക കവചം, നോസില്‍, ആല്‍ക്കഹോളിക് സാനിറ്റൈസര്‍ ലായനി സംഭരിച്ചു വയ്ക്കുന്നതിനുള്ള പ്രത്യേക കുപ്പി തുടങ്ങിയവയാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങൾ.
സാനിറ്റൈസര്‍ ലായനി തീരുന്ന മുറയ്ക്ക് വീണ്ടും നിറച്ചുകൊടുക്കണം. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇതിന്റെ മാതൃക നിര്‍മിച്ചപ്പോള്‍ സാധന സാമഗ്രികള്‍ക്കായി 600 രൂപയോളം മാത്രമാണ് ചെലവുവന്നത്.
ഇപ്പോള്‍ കെഎസ്ഇബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ ചീഫ് സേഫ്റ്റി കമ്മീഷണറുടെ കീഴില്‍ സുരക്ഷാ ഇന്നൊവേഷന് അസിസ്റ്റന്റ് എന്‍ജിനിയര്‍ ആണ്. വൈദ്യുത മേഖലയിലടക്കം 40-ല്‍പരം കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ ഊർജസംരക്ഷണ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. വൈക്കം ആശ്രമം സ്കൂള്‍ അധ്യാപിക അശ്വതിയാണ് ഭാര്യ. മകന് അക്ഷയ്ബൈജു.