കളമശേരി: ഏലൂര്‍ മേഖലയില്‍ ജനങ്ങളുടെ സൈ്വരജീവിതം തടസപ്പെടുത്തി രാത്രികാലസംഘങ്ങള്‍ വിഹരിക്കുന്നതായി പരാതി. ഏലൂരിലെ ഡിപ്പോ, മേത്താനം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടുമാസമായി ഇത്തരം സംഘങ്ങള്‍ ഉണെ്ടന്നാണ് പ്രദേശവാസികള്‍ പറയുന്നത്.രാത്രി നേരത്ത് പുരുഷന്മാര്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ ഭീതിപരത്തുന്നത്. രാത്രി 12 മണിക്ക് ശേഷമാണ് ഇവരുടെ വിഹാരം. വീടിന്റെ വാതിലുകളിലും ജനലുകളിലും കൈ കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കി കിടന്നുറങ്ങുന്ന സ്ത്രീകളേയും കുട്ടികളേയും ഭയപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ പ്രധാന വിനോദം.
വിദേശത്തു ജോലി ചെയ്യുന്നവരുടെയും അതുപോലെ ദൂരെ സ്ഥലങ്ങളില്‍ പണിയെടുത്ത് ആഴ്ചയിലൊരിക്കല്‍ മാത്രം വീട്ടിലെത്തുന്നവരുടെയും വീടുകളാണ് ഈ സംഘങ്ങള്‍ നോട്ടമിടുന്നത്. ചില വീട്ടുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ അടിവസ്ത്രവും യുവാക്കളുടെ പുതിയ ചെരിപ്പുകളും ഇക്കൂട്ടര്‍ മോഷ്ടിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഈ സംഘം മേത്താനം കേന്ദ്രീകരിച്ച് പുലര്‍ച്ചെ 2.30നാണ് ഭര്‍ത്താക്കന്മാരില്ലാത്ത വീടുകളിലെ വാതിലുകളും ജനലുകളും കൈകൊണ്ട് അടിച്ച് വീട്ടില്‍ ഉറങ്ങികിടന്ന സ്ത്രീയേയും കുട്ടികളേയും ഭയചകിതരാക്കിയത്. ശബ്ദം കേട്ട് അയല്‍പക്കക്കാര്‍ എഴുന്നേറ്റുവന്നപ്പോള്‍ സംഘം മുങ്ങുകയായിരുന്നു.
നിരന്തരം സംഭവം നടന്നതോടെ ഏലൂര്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കാമറ വയ്ക്കാനാണ് നിര്‍ദ്ദേശിച്ചത്. ഏലൂരിലെ ഫാക്ടിന്റെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങള്‍ മറയാക്കി മദ്യവും മയക്കുമരുന്നുപയോഗവും വ്യാപകമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സംഘത്തെ നിയന്ത്രിക്കാന്‍ പോലീസ് തയാറാവാത്തതിനാല്‍ ഏലൂര്‍ നഗരസഭ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.