കൂത്താട്ടുകുളം: സ്വകാര്യ ബസ് സ്റ്റാൻഡിലെ വനിതാ വിശ്രമകേന്ദ്രത്തിൽ പ്രാഥമിക കൃത്യത്തിനു കയറിയ സ്ത്രീയെ പൂട്ടിയിട്ട് ജീവനക്കാരൻ വീട്ടിൽ പോയി. വായുസഞ്ചാരം കുറവായ ശീതീകരിച്ച മുറിയിൽ ജീവനക്കാരന്റെ അശ്രദ്ധയെത്തുടർന്ന് ഇവർ കുടുങ്ങിയത് ഒന്നര മണിക്കൂർ.
വെള്ളിയാഴ്ച സന്ധ്യയോടെ നടന്ന സംഭവം ഏഴോടെയാണ് നാട്ടുകാർ അറിയുന്നത്. ശുചിമുറിയുടെ വാതിലും പൂട്ടിയിരുന്നതിനാൽ ഇവർക്ക് ശുചിമുറിയുടെ അകത്തുതന്നെ കഴിച്ചുകൂട്ടേണ്ടിവന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ ജീവനക്കാരനെത്തിയാണ് സ്ത്രീയെ മോചിപ്പിച്ചത്. ബസ് സ്റ്റാൻഡിൽ കട നടത്തുന്ന സ്ത്രീയാണ് നഗരസഭ ജീവനക്കാരന്റെ അശ്രദ്ധയിൽ ബന്ദിയാക്കപ്പെട്ടത്.