അടച്ചുറപ്പുള്ളൊരു വീടാണ് എല്ലാവരുടേയും സ്വപ്നം. എന്നാൽ എത്ര വലിയ വീടാണെങ്കിലും അതിനു വാതിൽ ഇല്ലെങ്കിലുള്ള അവസ്ഥ എന്താകും. മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂർ ഗ്രാമത്തിൽ ഒരു വീടിനും വാതിലുകളില്ല. ഇതിനു പിന്നിലുള്ള കാരണം ആണ് ഏവരേയും ഞെട്ടിപ്പിക്കുന്നത്.
ശനിദേവൻ ഗ്രാമവാസികളെ കാത്തുകൊള്ളും അതിനാൽ ഒരു കള്ളനും ആ ഗ്രാമത്തിൽ നിന്ന് മോഷ്ടിക്കാൻ ധൈര്യപ്പെടില്ല. 400 വർഷങ്ങൾക്ക് മുമ്പ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നടിഞ്ഞു.
നാട്ടുകാരിലൊരാൾ കല്ല് കണ്ട് മൂർച്ചയുള്ളൊരു വടികൊണ്ട് അതിൽ കുത്തിനോക്കി. അപ്പോൾ അതിൽ നിന്ന് രക്തം പൊടിയാൻ തുടങ്ങി. അയാൾ ആ കല്ല് അവിടെ ഉപേക്ഷിച്ച് പോയി. അന്നു രാത്രി, ആ നാട്ടുകാരന്റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ടു, ആ കല്ല് തന്റെ വിഗ്രഹമാണെന്നു അയാളോട് ദേവൻ പറഞ്ഞത്രെ. ഒരു ക്ഷേത്രം പണിത് അദ്ദേഹത്തിന് ആ കല്ല് സമർപ്പിക്കട്ടെ എന്ന് ഈ നാട്ടുകാരൻ ചോദിച്ചപ്പോൾ ദേവൻ അത് നിരസിച്ചു.
ക്ഷേത്രത്തിൽ കഴിയുന്നതിന് പകരം ശനി ഭഗവാൻ ഗ്രാമത്തിന്റെ ഹൃദയത്തിൽ കുടികൊള്ളാനാണ് ആഗ്രഹമെന്നും അറിയിച്ചതോടെയാണ് ആളുകൾ വീടിന് കതകുകൾ വച്ചുപിടിപ്പിക്കാത്തത്. തങ്ങളെ ശനിദേവൻ കാത്തുകൊള്ളുമെന്ന അടിയുറച്ച വിശ്വാസം അവിടുത്തെ ജനങ്ങൾക്ക് ഉള്ളതിനാൽ ആർക്കും കള്ളനെ ഭയമില്ല. ഒരു കുറ്റവും ചെയ്യാൻ ആ ഗ്രാമത്തിലുള്ളവർ മുതിരാറുമില്ല.
ആരെങ്കിലും മോഷ്ടിച്ചാൽ അയാൾക്ക് മാനസികമായി വയ്യാതാവുമെന്നും ഏഴുവർഷത്തേക്ക് നല്ലതായിരിക്കില്ല എന്നുമാണ് വിശ്വാസം. വീടിനു മാത്രമല്ല, ആ ഗ്രാമത്തിലെ ഒരി ഓഫീസിനു പോലും വാതിലുകളില്ല.