സൗത്ത് ഇന്ത്യയിലെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് ദോശ. ഇത്രയേറെ ആരാധകരുള്ള ദോശ പല തരത്തിലുണ്ട്. ഏത് കോമ്പിനേഷനിലും ചേര്‍ന്ന് പോകുമെന്നത് ദോശയുടെ പ്രത്യേകതയാണ്.
ദോശ മാത്രം വില്‍ക്കുന്ന ഹോട്ടലുകളും ഇപ്പോള്‍ നിരവധിയാണ്. അതിന് കാരണം തന്നെ ദോശയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ്. പ്രഭാതത്തില്‍ ആസ്വദിച്ച് കഴിക്കാനും ഉച്ചയ്ക്ക് വയറു നിറയ്ക്കാനും വൈകുന്നേരം ഛായയ്ക്ക് കൂട്ടിനും ദോശയുണ്ട്.
മടുപ്പിക്കാത്ത ഈ വിഭവം ഒരാള്‍ക്ക് എത്രവരെ കഴിക്കാന്‍ പറ്റും? ആറടി നീളത്തില്‍ ഒരു ദോശ തന്നാല്‍ കഴിച്ച് തീര്‍ക്കാന്‍ സാധിക്കുമോ? വെറുതെ വേണ്ട ഈ നീളത്തിലുള്ള ഈ ദോശ കഴിച്ചാല്‍ കാത്തിരിക്കുന്നത് 11,000രൂപ സമ്മാനമാണ്.
ഫുഡ് വ്‌ളോഗറായ വാണിയും സാവിയും ചേര്‍ന്നാണ് ഈ ദോശ ചലഞ്ചിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇത് കഴിച്ച് തീര്‍ക്കുവാന്‍ പറ്റുന്ന ഒരാളെ ടാഗ് ചെയ്യൂ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പായി നല്‍കിയത്. ഡല്‍ഹിയിലെ പ്രശസ്തമായ ദോശ റെസ്റ്റോറന്‍റിൽ നിന്നുമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദോശ ചലഞ്ചിലെ വൈറലായ ഭീമൻ ദോശ പാകം ചെയ്യുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ടായിരുന്നു. മൂന്ന് വലിയ ദോശകള്‍ ഒന്നിച്ച് പാകം ചെയ്ത് മാവ് ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്. ഭീമന്‍ ദോശയില്‍ മൂന്ന് വ്യത്യസ്ത മസാലകളും ചേര്‍ത്തിട്ടുണ്ട്.
അതോടൊപ്പം ആറടി നീളമുള്ള ദോശയുടെ മുകളിലൂടെ ചീസ് ചേര്‍ത്ത് സാമ്പാറും കേസരിയുമായി വിളമ്പിയാണ് നല്‍കുന്നത്. വീഡിയോ സമൂഹ മാധ്യമത്തില്‍ എത്തിയതിന് പിന്നാലെ നിരവധി പേരാണ് ഈ ദോശ ചലഞ്ചിന് കമന്‍റുകളുമായി എത്തിയത്.