ന്യൂഡല്‍ഹി: നല്ല വിശപ്പ്. എങ്കിൽപ്പിന്നെ ദോശയും സാന്പാറും കഴിച്ചു കളയാം. കോണാട്ട് പ്ലേസിലെ പ്രമുഖ ദക്ഷിണേന്ത്യൻ റസ്റ്ററന്റിൽ പങ്കജ് അഗർവാളും കൂട്ടുകാരും എത്തി.
ദോശയ്ക്കും സാന്പാറിനും ഒാർഡർ ചെയ്തു. ആവി പറക്കുന്ന ഭക്ഷണം മുന്നിലെത്തിയപ്പോൾ ആർത്തിയോടെ കഴിക്കാൻ തുടങ്ങി. അപ്പോഴാണ് പങ്കജിന്റെ ശ്രദ്ധയിൽ അതു പെട്ടത്. താൻ കഴിച്ചുകൊണ്ടിരിക്കുന്ന സാന്പാറിൽ ഒരു പല്ലി ചത്തുകിടക്കുന്നു.
കേട്ടപ്പോൾ തന്നെ നമുക്ക് അറപ്പു വന്നില്ലേ. അപ്പോൾ പിന്നെ സാന്പാർ കൂട്ടി പകുതിയോളം ദോശയും തിന്ന പങ്കജിന്റെ കാര്യം പറയണോ.
സാന്പാറിന്റെ അടിയിലായിട്ടാണ് പല്ലിയെ കണ്ടത്. മുകൾ തട്ടിലെ സാന്പാറു പകുതിയോളം കഴിക്കുകയും ചെയ്തു. എന്തായാലും സാന്പാറിൽ പല്ലിയെ കണ്ടെത്തിയതോടെ പങ്കജിന്റെ കൂട്ടുകാരൻ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ വൈറലായി.
വീഡിയോയിൽ പല്ലിയുടെ ശരീരത്തിന്റെ പകുതി ഭാഗം കാണാനില്ല. സാന്പാർ വെന്തുവന്നപ്പോൾ പല്ലിയുടെ ശരീരഭാഗം സാന്പാറിൽ അലിഞ്ഞു ചേർന്നിരിക്കാം എന്നാണ് നിഗമനം.
എന്തായാലും പല്ലി സാന്പാർ പകുതിയോളം കഴിച്ച പങ്കജിനിപ്പോൾ സാന്പാറെന്നു കേൾക്കുന്പോഴെ മനംപിരട്ടിൽ വരുമെന്നാണ് സംസാരം. വൈറലായ വീഡിയോയിൽ ചത്ത പല്ലിയെ സ്പൂണിൽ ഉയർത്തി പിടിക്കുന്നതു കാണാം.
എന്തായാലും വീഡിയോ വൈറലായതോടെ പോലീസ് റസ്റ്ററന്റിനെതിരേ കേസെടുത്തിട്ടുണ്ട്.