നെടുമങ്ങാട്: ഹോട്ടലില്‍ നിന്നും വാങ്ങിയ ദോശയ്ക്കുള്ളില്‍ ചത്ത പാറ്റ.വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം പൂട്ടിച്ചു.നെടുമങ്ങാട് പാളയം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ റസ്റ്റോറന്റില്‍ നിന്നും വാണ്ട സ്വദേശിയായ പരമേശ്വരന് ആചാരി വാങ്ങിയ ദോശയിലാണ് പാറ്റയെ ചത്ത നിലയില്‍ കണ്ടത്.
ഇന്നലെ രാവിലെ പരമേശ്വരന് ആചാരി കടയില്‍ നിന്നും ദോശ വാങ്ങി കഴിച്ച ശേഷം ചെറുമക്കള്‍ക്ക് വേണ്ടി അഞ്ചു ദോശ പൊതിഞ്ഞു വാങ്ങിയിരുന്നു. വീട്ടിലെത്തി കുട്ടികള്‍ക്ക് കഴിക്കാനായി കൊടുത്ത ദോശയിലാണ് പാറ്റയെ കിട്ടിയത്. ഏഴു വയസുകാരിയായ ചെറുമകള്‍ പാതി കഴിച്ച ദോശക്കുള്ളില്‍ പാറ്റ ചത്ത് കരിഞ്ഞ നിലയില്‍ കാണുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ബാക്കി വന്ന ദോശയുമായി നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി കട പരിശോധിച്ചു.വൃത്തിഹീനമായ നിലയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടതിനാല്‍ നഗരസഭ അധികാരികള്‍ പൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു.അടുക്കള കരിപിടിച്ചും ശുചിത്വമില്ലാതെയുമാണെന്ന് കണ്ടെത്തി.
പ്രകാശം ലഭിക്കത്തക്ക വിധം ലൈറ്റ് അടുപ്പിനടുത്തുപോലും ഇല്ലെന്നും കണ്ടെത്തി.പോരായ്മകള്‍ പരിഹരിച്ച് പെയിന്റ് ചെയ്ത് വൃത്തിയാക്കിയ ശേഷം മാത്രമേ ഇനി കട തുറക്കാന്‍ അനുവദിക്കുകയുളൂവെന്ന് നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഹിം പറഞ്ഞു.