കൊല്ലം: ബംഗളുരു – കോയമ്പത്തൂർ ഡബിൾ ഡെക്കർ ഉദയ് എക്സ്പ്രസ് ട്രെയിൻ പാലക്കാട് വരെ നീട്ടാൻ റെയിൽവേ ബോർഡിന്റെ അനുമതി. ഇത് പ്രാവർത്തികമായാൽ കേരളത്തിലേക്കു വരുന്ന ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ ആയിരിക്കും ഉദയ് എക്സ്പ്രസ്. വണ്ടി പാലക്കാട് വരെ നീട്ടുന്നതിന്റെ ഭാഗമായി ഡബിൾ ഡെക്കർ കോച്ചുകൾ ഉപയോഗിച്ചുള്ള ആദ്യഘട്ട പരീക്ഷണ ഓട്ടം ഇന്ന് കോയമ്പത്തൂർ – പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ നടക്കും.
രാവിലെ എട്ടിന് കോയമ്പത്തൂരിൽനിന്ന് ട്രയൽ റൺ ആരംഭിക്കുന്ന ട്രെയിൻ 11.05ന് പരീക്ഷണ ഓട്ടം പാലാക്കാട് എത്തും. തിരികെ 11.35ന് പാലക്കാട്ടുനിന്ന് ട്രയൽ റൺ തുടങ്ങും. ഉച്ചകഴിഞ്ഞ് 2.40 ന് കോയമ്പത്തൂരിൽ ട്രയൽ റൺ സമാപിക്കും.
കോയമ്പത്തൂരിനും പാലക്കാടിനും മധ്യേ എട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച സാധ്യതകൾ കൂടി പരിഗണിച്ചാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിട്ടുള്ളത്. അതിനനുസരിച്ചാണ് പരീക്ഷണ ഓട്ടത്തിന്റെ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. ദക്ഷിണ റെയിൽവേയുടെ സേലം, പാലക്കാട് ഡിവിഷനുകളിലെ മെക്കാനിക്കൽ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പരീക്ഷണ ഓട്ടത്തിനു നേതൃത്വം നൽകും.
ഫുൾ എസി ചെയർകാറുകളാണ് ഉദയ് എക്സ്പ്രസിലുള്ളത്. എല്ലാം എൽഎച്ച്ബി കോച്ചുകളാണ്. സാധാരണ കോച്ചുകളിൽ 72 സീറ്റുകളാണ് ഉള്ളതെങ്കിൽ ഡബിൾ ഡെക്കർ കോച്ചുകളിൽ 120 സീറ്റുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മുകളിൽ 50 സീറ്റുകൾ ഉണ്ട്. താഴെ 48 സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. വശങ്ങളിലായി 22 സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പരമ്പരാഗത കോച്ചുകളേക്കാൾ ഏറെ വിശാലമാണു ഡബിൾ ഡെക്കറിലെ എൽഎച്ച്ബി കോച്ചുകൾ. ഇവയുടെ നിർമാണം കപൂർത്തലയിലെ കോച്ച് ഫാക്ടറിയിലായിരുന്നു.
രാജ്യത്ത് ഇപ്പോൾ 15 റൂട്ടുകളിൽ ഡബിൾ ഡെക്കർ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ബംഗളൂരു- കോയമ്പത്തൂർ റൂട്ടിൽ ഡബിൾ ഡെക്കർ കോച്ചുകൾ ഉപയോഗിച്ചുള്ള ഉദയ് എക്സ്പ്രസ് റെയിൽവേ ആരംഭിച്ചത് 2018 ജൂൺ പത്തിനാണ്. ഇതാണ് ഇപ്പോൾ പാലക്കാട് വരെ ദീർഘിപ്പിക്കുന്നത്. രണ്ടാം ഘട്ട ട്രയൽ റണ്ണിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
സ്വന്തം ലേഖകന്