ന്യൂഡൽഹി: പച്ചക്കറികളുടെയും മറ്റും വില ഇടിഞ്ഞതിനെ തുടർന്നു ജനുവരിയിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റം (സിപിഐ) 3.17 ശതമാനമായി താണു. തലേ ജനുവരിയിൽ 5.69 ശതമാനമായിരുന്നു. കറൻസി റദ്ദാക്കലാണ് പച്ചക്കറികൾ, പയറുവർഗങ്ങൾ തുടങ്ങിയവയുടെ വില കുത്തനെ താഴ്ത്തിയത്. ഡിസംബറിൽ 3.41 ശതമാനമായിരുന്നു വർധന.
പച്ചക്കറികൾക്കു 15.62 ശതമാനവും പയറുവർഗങ്ങൾക്ക് 6.62 ശതമാനവും കണ്ട് വിലയിടിഞ്ഞു. പഞ്ചസാരയ്ക്കു 18.69ശതമാനം കയറിയെങ്കിലും മൊത്തം ഭക്ഷ്യവിലക്കയറ്റം 1.29 ശതമാനമായി കുറഞ്ഞു.
ഡിസംബറിലും പച്ചക്കറികൾ, പയറുവർഗങ്ങൾ എന്നിവയുടെ വിലയിടിവാണു സൂചികയെ താഴ്ത്തിയത്. അതേ സമയം ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കിയുള്ള ചില്ലറ വിലക്കയറ്റം 5.1 ശതമാനമായി. ഡിസംബറിൽ ഇതു 4.9 ശതമാനമായിരുന്നു. വിലക്കയറ്റ പ്രവണത ശമിച്ചിട്ടില്ലെന്ന റിസർവ് ബാങ്കിന്റെ നിഗമനം ശരിവയ്ക്കുന്നതാണിത്.