ബെയ്ജിംഗ്: മൂന്നു ദശകത്തിനിടയിലെ ഏറ്റവും താണ വളർച്ചയിലേക്കു ചൈന താണു. 2018-ൽ ചൈനീസ് സന്പദ്ഘടന വളർന്നത് 6.6 ശതമാനം മാത്രം. തലേ വർഷം ജിഡിപി വളർച്ച 6.8 ശതമാനം ഉണ്ടായിരുന്നു.
1990-ൽ 3.9 ശതമാനം വളർച്ച കുറിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചയാണു 2018ലേത്. 2018-ലേക്കു സർക്കാർ പ്രഖ്യാപിച്ചിരുന്ന വളർച്ച ലക്ഷ്യം 6.5 ശതമാനമായിരുന്നു. അതിനേക്കാൾ മെച്ചമാണു വളർച്ച.
ലോകത്തിലെ രണ്ടാമത്തെ വലിയ സന്പദ്ഘടനയുടെ വളർച്ചത്തോത് കുറയുന്നത് മറ്റു രാജ്യങ്ങളെയെല്ലാം ബാധിക്കും. ചൈനയ്ക്കു ലോഹങ്ങൾ അടക്കമുള്ള അസംസ്കൃത പദാർഥങ്ങൾ വിൽക്കുന്ന വികസ്വരരാജ്യങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടിലാവുക.
മുൻകാലങ്ങളിൽ കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്ത് ആവശ്യത്തിലേറെ ഫാക്ടറികൾ ചൈന ഉണ്ടാക്കിയിരുന്നു. ഇവ അമിതമായതോടെ പല കന്പനികളും പാപ്പരായി. ബാങ്കുകൾക്കും പ്രശ്നമുണ്ടായി. ഇതേത്തുടർന്നു ഗവൺമെന്റും കേന്ദ്ര ബാങ്കും എടുത്ത കർക്കശ നടപടികൾ വളർച്ചത്തോത് കുറയ്ക്കാൻ നിമിത്തമായി.
ഇതിനു പിന്നാലെയാണ് അമേരിക്കയുമായുള്ള വ്യാപാരയുദ്ധം. അമേരിക്ക 25,000 കോടി ഡോളറിനുള്ള ചൈനീസ് ഉത്പന്നങ്ങൾക്കു കൂടുതൽ ചുങ്കം ഏർപ്പെടുത്തി. ഇതും വളർച്ചയെ ബാധിച്ചു. വ്യാപാരയുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടന്നുവരികയാണ്. മാർച്ചിനു മുന്പ് ധാരണ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ചൈനയുടെ 2017-ലെ വളർച്ച 6.9 ശതമാനം എന്നാണു നേരത്തേ കണക്കാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വളർച്ച 6.8 ശതമാനമേ ഉള്ളൂ എന്ന് അറിയിച്ചിരുന്നു. 2017-ൽ മൊത്തം 12.12 ലക്ഷം കോടി ഡോളർ ആയിരുന്നു ചൈനീസ് ജിഡിപി.
ഇന്ത്യയുടെ ഒക്ടോബർ-ഡിസംബർ വളർച്ചക്കണക്ക് ഫെബ്രുവരി 28നേ അറിയൂ. സെപ്റ്റംബർ 30 വരെയുള്ള ഒന്പതു മാസക്കാലം ജിഡിപി വളർച്ച 7.8 ശതമാനമുണ്ട്.