മുംബൈ: രൂപയുടെ തകർച്ചയും പലിശനിരക്കിലെ ഉയർച്ചയും ക്രൂഡ് വിലയിലെ കുതിപ്പും ഇന്ത്യൻ ഓഹരികളെ നിലംപരിശാക്കി. മൂന്നു മാസത്തിനിടയിലെ ഏറ്റവും താണനിലയിലേക്ക് ഓഹരികൾ താണു. ഇന്നലെ സെൻസെക്സ് 806.47 പോയിന്റും (2.24 ശതമാനം) നിഫ്റ്റി 259 പോയിന്റും (2.39 ശതമാനം) ഇടിഞ്ഞു.
രാവിലെ ഡോളർ 73.81 രൂപ വരെ കയറിയതും ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 86 ഡോളറിനു മുകളിൽ ഉറച്ചതും നിക്ഷേപക മനോഭാവം മോശമാക്കി. അമേരിക്കയിൽ തൊഴിലവസരം കൂടിയെന്ന റിപ്പോർട്ടിനെത്തുടർന്ന് അവിടെ പലിശനിരക്ക് വർധിച്ചു. 10 വർഷ യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില 3.22 ശതമാനം പലിശ കണക്കാക്കിയുള്ള നിരക്കിലേക്കു താണു. 2008നുശേഷം ആദ്യമാണു പലിശ ഇത്രയും ഉയരുന്നത്. ഇതു വിദേശനിക്ഷേപകർ അമേരിക്കയിലേക്കു തിരിച്ചു പോകാൻ ഇടയാക്കും. ഈ ഭീതിയും കന്പോളത്തെ ഗ്രസിച്ചു.
റിലയൻസ് ഇൻഡ്സ്ട്രീസ് അടക്കം വന്പൻ ഓഹരികളെല്ലാം വില്പന സമ്മർദത്തിലായി. റിലൻസിന്റെ വില 7.03 ശതമാനം താണു. ഹീറോ മോട്ടോകോർപ് 5.45 ശതമാനം, ടിസിഎസ് 4.54 ശതമാനം, അദാനി പോർട്സ് 4.17 ശതമാനം, ഒഎൻജിസി 3.74 ശതമാനം എന്നിങ്ങനെയായിരുന്നു ഇടിവ്.
പൊതുമേഖലാ പെട്രോളിയം കന്പനികൾ ഇന്ധനവില ലിറ്ററിന് ഓരോ രൂപ വീതം കുറയ്ക്കണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്ന് ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ വില 13 ശതമാനം വരെ ഇടിഞ്ഞു. ഐസിഐസിഐ ബാങ്കിന്റെ ആരോപണ വിധേയയായ സിഇഒ ചന്ദ കോച്ചർ രാജിവച്ച് ഒഴിഞ്ഞെന്ന റിപ്പോർട്ടിനെ തുടർന്ന് ബാങ്ക് ഓഹരി 4.07 ശതമാനം കയറി.
സെൻസെക്സ് ഓഗസ്റ്റ് 29ലെ സർവകാല റിക്കാർഡിൽനിന്ന് 10 ശതമാനത്തോളം (3820.49 പോയിന്റ്) താഴെയായി. 35,169.16)ലാണ് ഇന്നത്തെ ക്ലോസിംഗ്, നിഫ്റ്റിയും റിക്കാർഡിൽനിന്ന് 10 ശതമാനം (1160.95 പോയിന്റ്)താണ് 10,599.25 ലെത്തി.