വാണിജ്യ കമ്മി
രാജ്യത്തിന്റെ ഉത്പന്ന കയറ്റുമതി ഉത്പന്ന ഇറക്കുമതിയേക്കാൾ കൂടുതലായിരിക്കുന്പോൾ വരുന്ന വിടവ്. 2017-18ൽ ഇത് 15,680 കോടി ഡോളർ (11.45 ലക്ഷം കോടി രൂപ). അതിനു തലേവർഷം 10,850 കോടി ഡോളർ (7.92 ലക്ഷം കോടി). ക്രൂഡ് വില വർധിച്ചതുമൂലം ഇക്കൊല്ലം ഈ കമ്മി ഇരട്ടിയോളമാകും.
കറന്റ് അക്കൗണ്ട്
കടമോ മൂലധന നിക്ഷേപമോ അല്ലാതെയുള്ള എല്ലാ വിദേശ പണമിടപാടുകളും കറന്റ് അക്കൗണ്ടിൽ വരുന്നു. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും, വിദേശത്തേക്കു പോകുന്നവരുടെ ചെലവ്, ടൂറിസ്റ്റുകളിൽനിന്നുള്ള വരവ്, പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്നത്, ഇന്ത്യയിലുള്ള വിദേശികൾ പുറത്തേക്കയയ്ക്കുന്ന തുക, ഇന്ത്യൻ കന്പനികൾ വിദേശകന്പനികൾക്കു നല്കുന്ന ലാഭവീതവും റോയൽറ്റിയും, വിദേശ കന്പനികൾ ഇന്ത്യയിലേക്കു നല്കുന്ന റോയൽറ്റിയും ലാഭവീതവും ഒക്കെ ഇതിൽപ്പെടും. ഇതിന്റെ നീക്കിബാക്കി ഇന്ത്യക്കു സ്ഥിരമായി കമ്മിയാണ്.
കഴിഞ്ഞവർഷം മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തിന്റെ 1.9 ശതമാനമായിരുന്നു കറന്റ് അക്കൗണ്ട് കമ്മി (സിഎഡി). വാണിജ്യ കമ്മി ക്രമാതീതമായാൽ സിഎഡി മൂന്നു ശതമാനത്തിലധികമായേക്കും.
അടവു ശിഷ്ടനില
കറന്റ് അക്കൗണ്ട് കമ്മി നികത്തുന്നതു മൂലധന കണക്കിലെ വരുമാനം ഉപയോഗിച്ചാണ്. വിദേശത്തുനിന്നു ലഭിക്കുന്ന ഗ്രാന്റ്, വിദേശവായ്പ, വിദേശനിക്ഷേപകർ ഇന്ത്യയിലെ കന്പനികളിലും ഓഹരികളിലും കടപ്പത്രങ്ങളിലും നടത്തുന്ന നിക്ഷേപം, പ്രവാസികളുടെ വിദേശനാണ്യ നിക്ഷേപം തുടങ്ങിയവയാണു മൂലധനകണക്കിലെ വരവിനങ്ങൾ. കറന്റ് അക്കൗണ്ടും മൂലധന കണക്കും ചേർത്തുകഴിയുന്പോൾ ഉള്ളതാണ് അടവുശിഷ്ടനില അഥവാ ബാലൻസ് ഓഫ് പേമെന്റ്. ഇതിൽ വലിയ കമ്മി വന്നാൽ ഐഎംഎഫിന്റെയും മറ്റും സഹായം തേടേണ്ടിവരും.
ഈ വർഷം വിദേശ നിക്ഷേപകർ കൂട്ടമായി പണം പിൻവലിക്കുകയാണ്. ആറു മാസം കൊണ്ട് 1200 കോടി ഡോളർ പിൻവലിച്ചു. കറന്റ് അക്കൗണ്ട് കമ്മി ക്രമാധികം വർധിക്കുകയോ വിദേശത്തു പലിശ കൂടുകയോ ചെയ്താൽ പിൻവലിക്കൽ കൂടും. പ്രവാസികളും നിക്ഷേപം പിൻവലിച്ചെന്നുവരും. അപ്പോൾ രൂപയുടെ നില വീണ്ടും പരുങ്ങലിലാകും.