മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ലോകവ്യാപകമായി 800ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോം ആയി ജനിക്കുന്നു. 1866ല്‍ രോഗം ആദ്യമായി വിശദീകരിച്ച Dr. John Langton Downന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 21 ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നു.
രോഗമല്ല, അവസ്ഥയാണ്
ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകളാണുള്ളത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ നമ്പര്‍ 21 ക്രോമസോമിന്, രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു.
പ്രത്യേകതകള്‍
മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവുമായി ഇവരില്‍ ചില വ്യത്യാസങ്ങളുണ്ട്. കഴുത്തുറയ്ക്കാനും നടക്കാനും സംസാരിക്കാനും ബുദ്ധിവികാസത്തിനും കാലതാമസമുണ്ടാകും.
ശാരീരികമായുള്ള ചില പ്രത്യേകതകള്‍ കാരണം ജനിച്ച് അധികം വൈകാതെ തന്നെ ഇവരെ കണ്ടെത്താന്‍ കഴിയും. പരന്ന മുഖം, കണ്ണില്‍ ഉള്ള വ്യത്യാസം, പുറത്തേക്ക് തള്ളി നില്ക്കുന്ന നാവ്, പേശി ബലക്കുറവ്, ഹൃദയസംബന്ധമായ രോഗങ്ങള്‍, കാഴ്ച, കേള്‍വി തകരാറ്, ഇടയ്ക്കിടയ്ക്ക് ഉള്ള ചെവി, സൈനസ് അണുബാധ, തൈറോയ്ഡ് പ്രശ്നങ്ങള്‍, കുടല് സംബന്ധമായ രോഗങ്ങള്‍, കഴുത്തിന്റെ ഭാഗത്തെ എല്ലിന്റെ ബലക്കുറവ് തുടങ്ങിയവ ഈ കുട്ടികളില്‍ ഉണ്ടാകാം.
മുതിര്‍ന്നു കഴിയുമ്പോള്‍ രക്താര്‍ബുദം, മറവിരോഗം തുടങ്ങിയവ പൊതുസമൂഹത്തെ അപേക്ഷിച്ച് ഡൗണ്‍ സിന്‍ഡ്രോം ബാധിതരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കാരണം
ഇത് ഒരു പാരമ്പര്യരോഗമല്ല. ജനിതകമായ ഒരവസ്ഥ ആണ്. ജനിക്കുന്ന ഏത് കുഞ്ഞിനെയും ബാധിക്കാം. അമ്മയുടെ പ്രായക്കൂടുതല്‍ ആണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി കാണുന്നത്. അമ്മയുടെ പ്രായം 45 വയസിനു മുകളില്‍ ആണെങ്കില്‍ ശരാശരി 30ല്‍ ഒരു കുട്ടി എന്ന രീതിയില്‍ ഡൗണ്‍ സിന്‍ഡ്രോം ഉണ്ടാകാം. പക്ഷേ, ഏതു പ്രായത്തിലെ അമ്മയുടെ കുഞ്ഞിനെയും ഇത്
ബാധിക്കാം.
- (തുടരും)
- വിവരങ്ങൾ:
രശ്മി മോഹൻ എ.
ചെൽഡ് തെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം