സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശാദാംശങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നിര്‍ദ്ദേശം നല്കി.
റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡാറ്റാബേസ് ശേഖരിക്കാനും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നു ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് അശ്ലീല വീഡിയോകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഇത്തരക്കാരെ നിരീക്ഷിക്കാനാണ്ാ പദ്ധതി.
ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാറ്റ്ഫോമുകള്, യാര്‍ഡുകള്‍, കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, സംരക്ഷിതമല്ലാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ തുടങ്ങിയവ എത്രയും പെട്ടെന്നു തന്നെ പൊളിച്ചുമാറ്റണമെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡിജി അരുണ്‍ കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു.
ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതുവരെ കര്‍ശനമായ നിരീക്ഷണം ഇവിടങ്ങളില്‍ ഉണ്ടാകണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ എല്ലാ പോസ്റ്റ് കമാന്‍ഡര്‍മാര്‍ക്കും ലഭിക്കണം.
അത്തരം കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും കുറ്റവാളികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റെയില്‍വേ യാത്രക്കാര്‍ക്ക് നല്കുന്ന സൗജന്യ ഇന്റര്‍നെറ്റ് സേവനം സേവനത്തിലൂടെ അശ്ലീല സൈറ്റുകള്‍ ആക്സസ് ചെയ്യാനാകില്ലെന്ന് സേവന ദാതാക്കളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ട്രെയിന്‍ എത്തുമ്പോഴോ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുമ്പോഴോ ലേഡീസ് കംപാര്‍ട്ടുമെന്റ് സൂക്ഷ്മമായി നിരീക്ഷിക്കാനും പ്ലാറ്റ്ഫോമുകളില്‍ സുരക്ഷ ഉറപ്പാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.