കോഴിക്കോട്: നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹ തീരത്തില്‍ രാഹുല്‍ പി. ഗോപാലനെ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തു. പന്തീരാങ്കാവ് പോലീസിന്റെ നിര്‍ദേശപ്രകാരം പിന്നീട് ഇയാളെ വിട്ടയച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് ജര്‍മനിയില്‍ എയ്റോനോട്ടിക് എന്‍ജിനീയറായ രാഹുല്‍ വിമാനത്താവളത്തില്‍ എത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പന്തീരാങ്കാവ് പോലീസില്‍ വിവരമറിയിച്ചു.
ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ മാസം 14ന് നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരേ നടപടിയെടുക്കരുതെന്നും ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു.
ഇക്കാര്യം പന്തീരാങ്കാവ് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിട്ടയച്ചത്.എറണാകുളം പറവൂര്‍ സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് രാഹുലിനെതിരേ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ മേയ് അഞ്ചിന് ഗുരുവായൂര്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
സ്ത്രീധനത്തിന്റെ പേരില്‍ പതിനൊന്നിനു രാത്രി മര്‍ദനമേറ്റ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തപ്പോള്‍ മേയ് 13ന് രാത്രിയാണ് ഇയാള്‍ ജര്‍മനിയിലേക്കു കടന്നത്. സംഭവത്തില്‍ രാഹുലിന്റെ കുടുംബാംഗങ്ങള്‍ക്കുപുറമേ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരും പ്രതികളാണ്.
ഇവരെ സവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.കേസന്വേഷണം നടക്കുന്നതിനിടെ രാഹുല്‍ തന്നെ മര്‍ദിച്ചില്ലെന്ന് കാണിച്ച് യുവതി ലൈവ് വീഡിയോ പുറത്തുവിട്ടിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് 14ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേസ് റദ്ദാക്കുന്നതിനെതിരേ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.