കോട്ടയം: സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർത്താവും ബന്ധുക്കളും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വാകത്താനം പോലീസ് കേസെടുത്തു. ഉദിക്കൽ സ്വദേശി മിനി നല്കിയ പരാതിയിൽ ഭർത്താവ് , ഭർത്താവിന്റെ പിതാവ്, മാതാവ്, സഹോദരൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മിനിയുടെ പരാതി പ്രകാരം അവരുടെ മൊഴിയെടുത്ത് ഫാമിലി വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോടെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വാകത്താനം എസ്ഐ അറിയിച്ചു. കടുത്തുരുത്തി സ്വദേശിനിയായ മിനിയുടെയും ഭർത്താവിന്റെയും രണ്ടാം വിവാഹമാണ്.
സ്ത്രീധനം നല്കിയത് പോരെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് ദിവസവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് മിനി പോലീസിന് പരാതി നല്കിയത്. മർദനമേറ്റ മിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിന്റെ തുടർ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.