സ്ത്രീധനം ആവശ്യപ്പെടുന്നതിന് വിചിത്ര ന്യായീകരണവുമായി മഹാരാഷ്ട്രയിലെ 12ാം ക്ലാസ് വിദ്യാര്‍ഥികളുടെ പാഠപുസ്തകം. വിരൂപരും അംഗപരിമിതരുമായ പെണ്‍കുട്ടികള്‍ കൂടുതല്‍ സ്ത്രീധനം നല്‍കേണ്ടിവരുമെന്നാണ് സോഷ്യോളജി പുസ്തകത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത്. 2013ലാണ് പുസ്തകം അച്ചടിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആയിരക്കണക്കിന് കുട്ടികള്‍ ഉപയോഗിക്കുന്ന പുസ്തകമാണിത്.
ഒരു പെണ്‍കുട്ടി വിരൂപയോ അംഗപരിമിതയോ ആയാല്‍ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണ്. അത്തരം പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ വരന് കൂടുതല്‍ പണം സ്ത്രീധനമായി ആവശ്യപ്പെടുന്നു. വരന്റെയും കുടുംബാംഗങ്ങളുടെയും ഇത്തരം ആവശ്യങ്ങള്‍ നടപ്പാക്കി നല്കാന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. ഇത് സ്ത്രീധന സന്പ്രദായത്തെ ഉയര്‍ത്തുന്നു ഇന്ത്യയിലെ പ്രധാന സാമൂഹ്യ പ്രശ്നങ്ങള്‍ എന്ന പാഠഭാഗത്തില്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡെ പ്രതികരിച്ചിട്ടില്ല. പക്ഷേ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനോട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.