കൊച്ചി: ജാതി അധിക്ഷേപത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുന്നംകുളം സ്വദേശി സുമേഷ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.
കേസിൽ സുമേഷിന്റെ അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരെയും അറസ്റ്റ് ചെയ്തു. രമണിയെയും, മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് വൈകീട്ടോടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് സെൻട്രൽ പോലീസിൽ കീഴടങ്ങുകയായിരുന്നു.
എറണാകുളം സ്വദേശിനി സംഗീതയാണ് ജാതി അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയത്. ജൂൺ ഒന്നിനാണ് സംഗീതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധനപീഡനവുമാണ് സംഗീത ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
2020 സെപ്റ്റംബറിലാണ് സുമേഷും സംഗീതയും വിവാഹിതരാകുന്നത്. അതിന് ശേഷം കുന്നംകുളത്തെ സുമേഷിന്റെ വീട്ടിൽ കുടുംബാംഗങ്ങളിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു.
പ്രതീക്ഷിച്ചത്ര സ്ത്രീധനം കിട്ടിയില്ലെന്നതായിരുന്നു പീഡനങ്ങളുടെ ആദ്യ കാരണം. പുലയ സമുദായ അംഗമായ സംഗീതയെ ഉൾക്കൊള്ളാൻ ഈഴവ സമുദായത്തിൽപ്പെട്ട സുമേഷിന്റെ വീട്ടുകാർ തയാറായിരുന്നില്ലെന്നതും പിന്നീട് വ്യക്തമായി.