കൊട്ടിയം: യുവതിയേയും അഞ്ചുവയസുള്ള മകനേയും ഭർതൃവീട്ടുകാർ രാത്രി മുഴുവൻ വീടിനു പുറത്തു നിർത്തിയെന്ന പരാതിയിൽ പോലീസിന്റെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടു.
യുവതിയും കുട്ടിയും ഇപ്പോഴും വീടിനുള്ളിൽ കയറാനാകാതെ വീടിനു പുറത്തു നിൽക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.
ഇതിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷമുണ്ടാകുകയും പോലീസ് ലാത്തിവീശുകയുമായിരുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാത്രിയിലാണ് സംഭവം. തഴുത്തല സ്വദേശിനിയ്ക്കും കുഞ്ഞിനുമാണ് ദുരനുഭവം ഉണ്ടായത്. സ്കൂളിൽ നിന്ന് മകനെ വിളിക്കാനായി പുറത്തിറങ്ങിയപ്പോൾ വീട്ടുകാർ ഗേറ്റു പൂട്ടുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ഇതേ തുടർന്ന് യുവതിക്കും കുട്ടിക്കും രാത്രി മുഴുവൻ വീടിനു പുറത്തു നിൽക്കേണ്ടി വന്നു. നാട്ടുകാരുടെ ഇടപെടലിൽ രാവിലെ ഗേറ്റിനുള്ളിൽ കയറാൻ സാധിച്ചെങ്കിലും ഇതുവരേയും അമ്മയ്ക്കും കുട്ടിക്കും വീടിനുള്ളിൽ കയറാൻ സാധിച്ചില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് യുവതിയേും കുഞ്ഞിനേയും ഭർതൃമാതാവ് പുറത്താക്കി വാതിലടച്ചത്. താൻ കുട്ടിയേയും കൂട്ടി തിരിച്ചെത്തിയപ്പോൾ രണ്ടു ഗേറ്റും പൂട്ടിയിരുന്നതായി യുവതി പറയുന്നു.
തുടർന്ന് കോട്ടിയം സ്റ്റേഷനിലും ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. സിറ്റി കമ്മീഷണറെയും നേരിട്ടു വിളിച്ചതായി യുവതി പറയുന്നു.
രാത്രി 11.30 വരെ ഗേറ്റിനു മുന്നിൽ ഇരുന്നുവെന്നും പിന്നീട് നാട്ടുകാരുടെ സഹായത്തോടെ സിറ്റൗട്ടിൽ കയറി ഇരിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് യുവതി മാധ്യമങ്ങളോടു പറഞ്ഞത്.
വീടിന്റെ സിറ്റൗട്ടിൽ കഴിയുന്ന അമ്മയ്ക്കും കുഞ്ഞിനും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാർ സംഘടിച്ച് പോലീസിൽ വിവരം അറിയിച്ചിട്ടും പോലീസ് വൈകുന്നേരം ഏറെ വൈകിയാണ് എത്തിയത്.
പോലീസ് യുവതിയുമായി ചർച്ചനടത്തിയെങ്കിലും ഫലപ്രദമായില്ല. യുവതി വീട്ടിൽനിന്ന് മറ്റൊരിടത്തേക്കും പോകില്ലെന്ന് അറിയിക്കുകയായിരുന്നു.
ഭർതൃമാതാവും യുവതിയും തമ്മിലുള്ള കേസ് കോടതിയിലാണ്. വീട്ടിൽ താമസിക്കാൻ രണ്ടുപേർക്കും തുല്യ അവകാശമാണ് കോടതി അനുവദിച്ചുനൽകിയതെന്ന് പോലീസ് പറയുന്നു.
സംഭവം വിവാദമായതോടെ ചൈൽഡ് വെൽഫയർകമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തിയിട്ടുണ്ട്. വീടിന്റെ പരിസരത്ത് രാവിലെയും നാട്ടുകാർ തടിച്ചുകൂടി നിൽക്കുകയാണ്. എസിപി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണ ചുമതല കൊട്ടിയം സിഐയ്ക്ക് നൽകി.