കോട്ടയം: സ്ത്രീധനവുമായി ബന്ധപ്പെട്ട തര്ക്കത്തെത്തുടർന്ന് ഭര്ത്താവും ഗുണ്ടകളും യുവതിയുടെ വീട് അടിച്ചുതകര്ത്തു. അക്രമികളിലൊരാൾ പോലീസുകാരനെന്ന് സൂചന.
സംഭവത്തില് യുവതിയുടെ അമ്മയുടെ പരാതിയില് ഗാന്ധിനഗര് പോലീസ് കേസെടുത്തു. കുമാരനല്ലൂര് പുതുക്കുളങ്ങര വീട്ടില് വിജയകുമാരിയമ്മയുടെ വീടാണ് അക്രമിസംഘം കഴിഞ്ഞ ദിവസം രാത്രിയില് അടിച്ചുതകര്ത്തത്.
ഇവരുടെ പരാതിയില് തിരുവല്ല മുത്തൂര് സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേര്ക്കെതിരേ പോലീസ് കേസെടുത്തു.
ഒരു വര്ഷം മുന്പാണ് വിജയകുമാരിയമ്മയുടെ മകളും തിരുവല്ല മുത്തൂര് സ്വദേശിയായ സന്തോഷും തമ്മില് വിവാഹിതരായത്. വിവാഹത്തിന് 35 പവന് സ്ത്രീധനമായി നല്കിയിരുന്നു.
ഈ സ്വര്ണം സന്തോഷ് വിറ്റതായി വിജയകുമാരിയും മകളും പറയുന്നു. ഇതിനുശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാള് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഗര്ഭിണിയായ യുവതി പ്രസവത്തിനായി കുമാരനല്ലൂരിലെ സ്വന്തം വീട്ടില് മടങ്ങിയെത്തി. വീട്ടില് എത്തിയതിന് ശേഷം ഭര്ത്താവ് സന്തോഷ് ഒരിക്കല് പോലും കുമാരനല്ലൂരിലെ വീട്ടിലേക്ക് എത്തിയില്ലെന്നു മാത്രമല്ല കുട്ടിയെയോ, ഭാര്യയെയോ കാണാനോ തയാറായില്ല.
കഴിഞ്ഞദിവസം രാത്രിയില് മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യാമാതാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സ്ത്രീധനമായി നല്കിയ 35 പവന് സ്വര്ണം മുക്കുപണ്ടമാണെന്നാരോപിച്ചാണ് ഇയാൾ അസഭ്യം പറഞ്ഞത്.
തുടര്ന്ന് വിജയകുമാരിയും മക്കളും രാത്രിയിൽതന്നെ ഗാന്ധിനഗര് പോലീസില് പരാതി നല്കി. ഇതിനു ശേഷം രാത്രി 12ന് സന്തോഷ് ഗുണ്ടകളുമായെത്തി വീട് അടിച്ചുതകര്ക്കുകയായിരുന്നു.
അക്രമികളിലൊരാൾ താന് പോലീസ് ഉദ്യോഗസ്ഥനാണെന്നും പരാതി നല്കിയാല് ഒന്നും സംഭവിക്കില്ലെന്നു ഭീഷണി മുഴക്കിയതായും വീട്ടുകാർ പരാതിയിൽ പറയുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഗാന്ധിനഗര് എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു.