കോഴിക്കോട്: താമരശേരിയില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം. ഉണ്ണികുളം സ്വദേശി 19 വയസുകാരിക്കാണ് ഭര്‍ത്താവിന്റെ മര്‍ദനമേറ്റത്. ഗുരുതരപരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവ് സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടുമായിരുന്നു മര്‍ദിച്ചത്.
നേരത്തെ, യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്പിച്ചപ്പോള് ഉമ്മയും സഹോദരിയും എത്തി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ പിന്നീടയാൾ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോവുകയായിരുന്നു.
ലോഡ്ജിലെത്തിച്ച മകളോട് സുഹൃത്തിന്റെ കൂടെ കഴിയാന്‍ ആവശ്യപ്പെട്ടെന്നും ഇത് എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.
പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. ഭര്‍ത്താവിന്റെ അമ്മയും മകളോട് മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബം പ്രതികരിച്ചു.
മര്‍ദനത്തില്‍ യുവതിയുടെ രണ്ട് കാലും ഒടിഞ്ഞിട്ടുണ്ട്. ആശുപത്രിയിലെത്തി ഇവരുടെ വിശദമായ മൊഴിയെടുക്കുമെന്ന് താമരശേരി പോലീസ് അറിയിച്ചു.