കണ്ണൂർ: സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചെന്ന മേലെചൊവ്വ സ്വദേശിനിയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
പാറക്കണ്ടി ഹൗസിൽ സുഗന്തയുടെ പരാതിയിലാണ് ഭർത്താവ് നിധിൻ രാജ്(33), ഭർത്താവിന്റെ അച്ഛൻ നാരായണൻ, അമ്മ സ്വർണലത, ഭർത്താവിന്റെ സഹോദരി നിമിത എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.
2022 ലാണ് തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജിനെ സുഗന്ത വിവാഹം കഴിച്ചത്. കല്യാണസമയത്ത് 100 പവൻ സ്വർണം സ്ത്രീധനമായി വാങ്ങിയിരുന്നു.
ഇത് കല്യാണം കഴിഞ്ഞയുടനെ ഭർത്താവന്റെ അച്ഛനായ നാരായണൻ വാങ്ങിവെച്ചുവെന്നും തന്റെ ആവശ്യത്തിനായി ചോദിച്ചിട്ടുപോലും തന്നില്ലെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
കൂടാതെ, സ്വർണത്തിൽ കുറെയെടുത്ത് തന്റെ സമ്മതം കൂടാതെ വിൽപന നടത്തി. ഇത് ചോദ്യം ചെയ്തതോടെ ശാരീരികവും മാനസികവുമായി നാലുപേരും ചേർന്ന് പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.