കെ.ഷിന്റുലാല്‍
കോഴിക്കോട്: ഭര്‍തൃവീടുകളില്‍ പെണ്‍ജീവിതങ്ങള്‍ പിടയുമ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ ഇരകളാകുന്നവര്‍ക്കു നീതി അകലെ.
1961ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വിരളമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ ഒരു കേസില്‍ പോലും പ്രതികള്‍ക്കു ശിക്ഷ ലഭിച്ചിട്ടില്ല.
2016 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ സ്ത്രീധന നിരോധന നിയമം പ്രകാരം സംസ്ഥാനത്ത് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 59 കേസുകളില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. അതേസമയം, അഞ്ചു കേസുകളില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മറ്റു കേസുകള്‍ വിചാരണ ഘട്ടത്തിലാണ്.
സ്ത്രീധന നിരോധന നിയമപ്രകാരം പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിക്കുന്നതിലുള്ള വീഴ്ചയും വര്‍ഷങ്ങളോളം നീണ്ടു നില്ക്കുന്ന വിചാരണാ നടപടികളും കാരണം പലപ്പോഴും ഇരകള്‍ക്കു നീതി ലഭിക്കാത്ത അവസ്ഥയാണുള്ളത്.
കിടപ്പാടം വിറ്റും വായ്പ വാങ്ങിയുമാണ് സാധാരണക്കാര്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുന്നത്. ഇത്തരത്തില്‍ നിര്‍ബന്ധിത സ്ത്രീധനം ആവശ്യപ്പെടുന്നവര്‍ക്കെതിരേ പരാതി നല്കിയാലും നിയമത്തിലെ പഴുതുകളിലൂടെ എളുപ്പത്തില്‍ കുറ്റവിമുക്തരാകുകയാണ്.
സ്ത്രീധനം വാങ്ങുകയോ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കും.15,000 രൂപ പിഴയും ഈടാക്കാം. വധുവിന്റെ മാതാപിതാക്കളോടു സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറു മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപയുമാണ് ശിക്ഷ.
നിലവിലെ സാഹചര്യത്തില്‍ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.സ്ത്രീധന നിരോധന നിയമപ്രകാരം 2016ല്‍ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 12 കേസുകളില്‍ മാത്രമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2017ല്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും മുഴുവന്‍ കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 16 കേസുകളിലാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്.2018 കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ഒന്‍പത് കേസുകള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തതെങ്കിലും നാലു കേസുകളില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
2019ല്‍ 11 കേസുകളില്‍ ഒന്‍പതെണ്ണം മാത്രമാണ് അന്വേഷണം പൂര്‍ത്തീകരിച്ചു കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏഴ് കേസുകളില്‍ അന്വേഷണം പൂര്‍ത്തീകരിച്ചു.
2021ൽ ഏറ്റവും കൂടുതല്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 32 കേസുകളുണ്ടെങ്കിലും 10 കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, അഞ്ച് വര്‍ഷം മുമ്പുള്ള കേസുകളില്‍ പോലും വിചാരണ പൂര്‍ത്തീകരിക്കാനോ പ്രതികള്‍ക്കു ശിക്ഷ നല്‍കാനോ സാധിച്ചിട്ടില്ല.
നിയമഭേദഗതിഅനിവാര്യം
1961 മുതല്‍ സ്ത്രീധനനിരോധന നിയമം നിലവിലുണ്ടെങ്കിലും ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ ഇരകളാകുന്ന പെണ്‍കുട്ടികള്‍ നിരവധിയാണെന്നു വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ് പറഞ്ഞു.
ജാതി-മത വ്യത്യാസമൊന്നുമില്ലാതെ സ്ത്രീധനമെന്ന വിപത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്. സമൂഹവും വ്യക്തികളും മാറിയാല്‍ മാത്രമേ ഈ വിപത്തിനെ ഇല്ലാതാക്കാനാവൂ. നിയമമുണ്ടെങ്കിലും അതു നടപ്പാക്കാനുള്ള സംവിധാനം ഇപ്പോള്‍ അപര്യാപ്തമാണ്.
പഴുതുകള്‍ നിരവധിയുള്ളതിനാല്‍ നിയമം ഭേദഗതി ചെയ്യുകയെന്നത് അത്യാവശ്യമാണ്. സ്ത്രീധന നിരോധനനിയമം നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഓഫീസര്‍മാരെ നിയമിക്കണം. എല്ലാ വിവാഹങ്ങളിലും ഇത്തരം ഓഫീസര്‍മാരുടെ സാന്നിധ്യമുണ്ടാവണം.
സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണം നടത്തണം. പരാതികളില്‍ കേസെടുത്താല്‍ സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ തുറന്നു കാട്ടുന്ന പ്രമുഖരായ അഭിഭാഷകരെ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നും അവര്‍ പറഞ്ഞു.