ഗാന്ധിനഗർ: പൂക്കടയുടെ മുന്പിൽ പാർക് ചെയ്തിരുന്ന ട്രാക്ടർ മാറ്റുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തിനു പരിഹാരം.
കടയുമയായ യുവതി ഡിജിപിക്ക് ഫേസ്ബുക്കിലൂടെ നൽകിയ പരാതിയെ തുടർന്ന് തീരുമാനമായത്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കസ്തൂർബ ജംഗ്ഷനിലാണ് സംഭവം നടന്നത്. സംഭവ ദിവസം രാവിലെ പൂക്കടയുടെ മുന്പിലായി ഒരു ട്രാക്ടർ പാർക്കു ചെയ്തു.
കടയുടമയായ യുവതി ട്രാക്കർ കൊണ്ടുവന്നയാളോട് കടയുടെ മുന്പിൽ നിന്നു മാറ്റി പാർക്ക് ചെയ്യുവാൻ ആവശ്യപ്പെട്ടു.
താൻ റോഡ് വക്കിലാണ് വാഹനം പാർക്ക് ചെയ്തതെന്നും മാറ്റുകയില്ലെന്നും അയാൾ വാശി പിടിച്ചു. തുടർന്ന് യുവതി ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി പറഞ്ഞു.
ഹൈവേ പോലീസ് സ്ഥലത്തെത്തി മാറ്റുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയാറായില്ല. തുടർന്നാണ് യുവതി ഡിജിപിയുടെ ഫേസ്ബുക്ക് പേജിൽ പരാതി നൽകിയത്.
ഡിജിപിയുടെ ഓഫീസിൽ നിന്നു ഗാന്ധിനഗർ പോലീസിന് വിവരം ലഭിച്ചതോടെ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു.
പലതവണ പോലീസ് വിളിച്ചുവെങ്കിലും ഇയാൾ സ്റ്റേഷനിൽ എത്താൻ തയാറായില്ല. വൈകുന്നേരത്തോടെ ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
അനധികൃതമായി വാഹനം പാർക്ക് ചെയ്തതിനു കേസ് എടുത്ത ശേഷം മറ്റൊരു വാഹനം കൊണ്ടു വന്നു ട്രാക്ടർ കെട്ടിവലിച്ച് സ്റ്റേഷനിൽ എത്തിച്ചു. കോടതി നടപടിക്ക് ശേഷം മാത്രമേ വാഹനം തിരികെ നൽകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.