സ്വന്തംലേഖകന്‍
കോഴിക്കോട്: പോലീസിൽ സസ്പന്‍ഷനിലായ അഴിമതിക്കാരേയും മര്‍ദകരേയും സർവീസിൽ തിരിച്ചെടുക്കുന്നതിനു കര്‍ശന മാര്‍ഗനിര്‍ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. കസ്റ്റഡിമരണത്തിന് കാരണക്കാരായവരേയും മര്‍ദകരേയും അഴിമതിക്കാരേയും സേനയിലേക്ക് തിരിച്ചെടുക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും അതിനുള്ള കാരണം സഹിതം തന്നെ അറിയിക്കണമെന്നാണു ഡിജിപി നിര്‍ദേശം നല്‍കിയത്.
വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു പോലീസ് പ്രതിസ്ഥാനത്തു നില്‍ക്കവെയാണ് ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സസ്പന്‍ഷനിലായ പോലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതില്‍ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്.
കസ്റ്റഡി മരണം, ലോക്കപ്പ് മര്‍ദനം, അഴിമതി, സദാചാര പ്രവൃത്തികള്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതില്‍ സസ്പന്ഷന് റിവ്യൂകമ്മിറ്റിയില് ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു തിരിച്ചെടുക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും ഡിജിപിയെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കിയത്.
റേഞ്ച്, ജില്ലാ തലത്തിലെ റിവ്യൂ കമ്മിറ്റിക്കാണ് സര്‍ക്കുലര്‍ അയച്ചത്. ജില്ലാ തലത്തിലും റേഞ്ച് തലത്തിലും സസ്പന്ഷൻ കമ്മിറ്റിയുടെ ത്രൈമാസ യോഗം ചേരുന്നത് 90 ദിവസങ്ങള്‍ കഴിയരുതെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ചില പോലീസുകാര്‍ കൃത്യവിലോപത്തെ തുടര്‍ന്നു സസ്പഷനില് ആയാല്‍ ചുരുങ്ങിയ സമയതതിനുള്ളില് അവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നുണ്ട്. ഇത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കുലറിലുണ്ട്.