ഡീഗ്രേഡ് ചെയ്തും കൂവിയും തന്റെ ഏറ്റവും പുതിയ ചിത്രം ‘സോളോ’ യെ കൊല്ലരുതേയെന്ന് ദുല്‍ഖര്‍ സല്‍മാന്റെ അപേക്ഷ. സോളോ തന്റെ സ്വപ്നസമാനമായ ചിത്രമാണ്. അതിനായി ഹൃദയവും ആത്മാവും നല്കി. ചോര നീരാക്കിയാണ് തങ്ങള്‍ ചെറിയ ബജറ്റില്‍ ആ ചിത്രം പൂര്‍ത്തിയാക്കിയത്. ബാംഗ്ലൂര്‍ ഡേയ്സും ചാര്‍ളിയും പോലെയല്ല സോളോയെന്നും സോളോ എന്തിനാണ് ചെയ്തതെന്നും ആ സിനിമ ഒഴിവാക്കാമായിരുന്നില്ലേയെന്നും പലരും ചോദിക്കുന്നു. താന്‍ പോകുന്നിടത്തെല്ലാം കഥകള്‍ തെരയുന്ന ആളാണ്. വാര്‍ത്താ ലേഖനങ്ങളായാലും കണ്ടുമുട്ടുന്ന ആളുകളായാലും കാണുന്ന സിനിമകളായാലും വായിക്കുന്ന പുസ്തങ്ങളായാലും. പരീക്ഷണവും വ്യത്യസ്തയുമാണ് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഏതു കഥയും പറയാന്‍ തക്ക ധൈര്യം എന്റെ പ്രേക്ഷകര്‍ എപ്പോഴും നല്‍കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. സോളോയിലെ എനിക്കേറ്റവും പ്രിയപ്പെട്ട രുദ്രയുടെ കഥയെ പരിഹസിക്കുകയും കൂവുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം തകര്‍ക്കുകയാണ്. ഞങ്ങളുടെ വീര്യത്തെ നശിപ്പിക്കുകയാണ്. നിങ്ങള്‍ ഇതുവരെ നല്കിയ ധൈര്യത്തേയും അത് കൊല്ലുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളോട് താഴ്മയായി യാചിക്കുകയാണ്. സോളോയെ കൊല്ലരുത്. തിയേറ്ററിലെത്തിയ ചിത്രത്തില്‍ മാറ്റം വരുത്തിയ വിഷയത്തില്‍ താന്‍ സംവിധായകന് ബിജോയ് നമ്പ്യാര്ക്കൊപ്പമാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ബിജോയ് നമ്പ്യാറിന്റെ പതിപ്പിനൊപ്പമാണ് താന്‍ എപ്പോഴും. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകാത്തവര്‍ മുറിച്ചുമാറ്റുന്നതും കൂട്ടിക്കുഴയ്ക്കുന്നതുമുള്പ്പെടെ ചെയ്യുന്നതെല്ലാം ചിത്രത്തെ ഇല്ലാതാക്കാനാണ് സഹായിക്കുന്നതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.