മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി സോനം കപൂർ. വിവാഹ ശേഷം സോനം കപൂർ നായികയായി എത്തുന്ന സോയാ ഫാക്ടർ എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം അഭിനയിക്കുവാൻ ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നുമായിരുന്നു സോനത്തിന്റെ കമന്റ്.
സോനം കപൂർ അഭിനേതാവും നിർമാതാവുമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്പോഴാണ് സോനം കപൂർ ദുൽഖറിനെക്കുറിച്ച് പറഞ്ഞത്. ഞാൻ ദുൽഖർ അഭിനിയച്ച ഓ കെ കണ്മണി എന്നാ ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുൽഖർ അതിൽ. സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തെന്നിന്ത്യൻ നായകന്മാരുമായി ഞാൻ ഇതിനു മുന്‍പും അഭിനയിച്ചിട്ടുണ്ട്.
അഭിനേതാവും തിരക്കഥാകൃത്തുമായ ആകർഷ് ഖുരാന സംവിധാനം ചെയ്യുന്ന ദി സോയാ ഫാക്ടർ അടുത്ത ഏപ്രിലിൽ തിയറ്ററുകളിലെത്തും. അനുജാ ചൗഹാൻ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവൽ വികസിക്കുന്നത്.
സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാൽ 2010ലെ ലോകകപ്പിനും സോയ ഫാക്ടർ വിനിയോഗിക്കാൻ ഇന്ത്യൻ ടീം തീരുമാനിക്കുന്നതാണ് കഥ.
അടുത്തിടെ വിവാഹിതയായ സോനം കപൂർ താൻ ഇത് വരെ സോയാ ഫാക്ടറിനായുള്ള തയാറെടുപ്പുകളിലേക്ക് കടന്നിട്ടില്ല എന്നും പറഞ്ഞു. ദുൽഖറുമായി ചേർന്നുള്ള തയാറെടുപ്പുകൾ ഇത് വരെ തുടങ്ങിയില്ല. ഓഗസ്റ്റ് മാസമോ സെപ്റ്റംബർ മാസമോ ചിത്രീകരണം തുടങ്ങും. ദുൽഖറിനോപ്പം ജോലി ചെയ്യാൻ കാത്തിരിക്കുകയാണ് ഞാൻ. സോനം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ക്രിക്കറ്റ് താരത്തിന്റെ വേഷം അവതരിപ്പിക്കാൻ ദുൽഖർ ക്രിക്കറ്റ് പരിശീലിക്കുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാർവാ ജൂണ്‍ ഒന്നിന് റിലീസ് ചെയ്യും.