ജോസ് കുന്പിളുവേലിൽ
ലണ്ടൻ: കോവിഡ് -19 എന്ന മഹാമാരിമൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനമുള്ള ബ്രിട്ടനിൽ ഇതുവരെയായി 17,500ൽ അധികം പേരാണു മരിച്ചത്.
നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ജോലി ചെയ്യുന്നതു യുദ്ധസമാനമായ സാഹചര്യത്തിലാണ്.
ക്രോയ്ഡണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (സിയുഎച്ച്) മലയാളിയായ ഡോ. അജികുമാർ കവിദാസൻ എന്ന ചെസ്റ്റ് കണ്‍സൾട്ടന്റും ഇന്റർവെൻഷണൽ പൾമോണോളജിസ്റ്റും അദ്ദേഹത്തിന്റെ ടീമും മരണമുഖത്തെ നേരിൽ കാണുന്പോഴും പുഞ്ചിരിയിൽ പൊതിഞ്ഞ ധൈര്യവുമായി നേരിടുന്നു.
കൊറോണയെ നേരിടാൻ ഡോ. അജികുമാറിനൊപ്പം സിയുഎച്ചിനെ സജ്ജമാക്കുന്നതിൽ ഡോക്ടർമാരായ റോഷൻ ശിവ, സജിത് ചൗധരി, യോഗിനി രാസ്തേ, റെസ മോടാസദ് , ശ്രീകാന്ത് അകുനൂറി എന്നിവരാണുള്ളത്. ആലപ്പുഴ സ്വദേശിയാണ് ഡോ. അജി. തുടക്കത്തിൽ ചികിത്സാരംഗത്ത് ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും ഡോ. അജികുമാറും സംഘവും ധൈര്യപൂർവം ആ സാഹസികഘട്ടത്തെ പിന്നിട്ടു.
സിയുഎച്ചിലെ റെസ്പിറേറ്ററി മെഡിസിൻ മേധാവിയായ ഡോ. അജികുമാർ തന്നെ ഒരു ദിവസം അന്‍പതോളം കോവിഡ്-19 രോഗികളെയാണ് പരിശോധിക്കുന്നത്. ഒന്നിലധികം രോഗമുള്ളയാളാണെങ്കിൽ കാര്യങ്ങൾ കുഴയുമെന്നും ഡോ. അജി പറയുന്നു.
കൊറോണ വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗവും 50നു മേൽ പ്രായമുള്ളവരും രക്താതിമർദവും പ്രമേഹവുമുള്ളവരാണ്. പ്രതിസന്ധികളിലൂടെയാണ് അജിയുടെ ജീവിതവും കടന്നുവന്നത്.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലെ മംഗലം ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്നുള്ള കഠിനാധ്വാനവും ദൃഢനിശ്ചയവും മൂലം ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നു മെഡിസിൻ പഠനം പൂർത്തിയാക്കി.
പ്രധാനമന്ത്രി ബോറീസ് ജോണ്സൺ കോവിഡ് -19 പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതിനു ശേഷം മാത്രമാണ് യുകെയിലെ ആളുകൾ ഈ മഹാമാരിയെ ഗൗരവമായി എടുത്തതെന്നും ഡോ.അജി വെളിപ്പെടുത്തി.
കേരളത്തെപ്പോലെ ബ്രിട്ടൻ വേണ്ട സമയത്തു ലോക്ക്ഡണ്‍ നടപടി എടുത്തിരുന്നെങ്കിൽ, കാര്യങ്ങൾ ഇത്ര കൈവിട്ടു പോകുമായിരുന്നില്ലെന്നും ഡോ.അജി ദീപികയോടു പറഞ്ഞു.
ഭാര്യ പ്രിജിക്കും രണ്ടു മക്കൾക്കുമൊപ്പം ലണ്ടനിലെ ക്രൊയ്ഡണിലാണ് ഡോ. അജിയും കുടുംബവും താമസിക്കുന്നത്. വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ, ഡബ്ല്യുഎംസി (യുകെ) ചെയർമാൻ എന്നീ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്.