ചെന്നൈ: ഭരണഘടനാ ശിൽപ്പി ബി.ആർ. അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് ചിന്തകൻ ആർ.ബി.വി.എസ്. മണിയനെ ചെന്നൈ പോലീസ് അറസ്റ്റ്ചെയ്തു.
അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടനശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം.
വിഎച്ച്പി മുൻ തമിഴ്നാട് വൈസ് പ്രസിഡന്റായ മണിയന്റെ അംബേദ്ക്കർ വിരുദ്ധ അധിക്ഷേപ പ്രഭാഷണം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്.
ഭരണഘടനയ്ക്ക് വേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്കറിനെ കാണരുതെന്നും ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കർ ചെയ്തതെന്നും പ്രഭാഷണത്തിലുണ്ടായിരുന്നു.
പലരും നടത്തിയ പ്രസംഗങ്ങൾ പകർത്തിയെഴുതുമ്പോൾ തെറ്റുവരാതെ നോക്കുക എന്നതായിരുന്നു അംബേദ്കറുടെ ജോലി. തമിഴ്ജനത ആരാധിക്കുന്ന തിരുവള്ളുവർ ജീവിച്ചിരുന്നിട്ടേയില്ലെന്നും ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവായ മണിയൻ പറയുന്നുണ്ട്.
സനാതനധർമം പിന്തുടരുന്നവരാണ് തങ്ങളെന്നും ഇന്ത്യയെ രക്ഷിക്കാൻ നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ കഴിയുകയുള്ളൂവെന്നും മണിയൻ അവകാശപ്പെടുന്നു.
പ്രഭാഷണം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് നടപടി. അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിന്മേലാണ് അറസ്റ്റെന്ന് ചെന്നൈ പോലീസ് സ്ഥിരീകരിച്ചു.