സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: സർവോപരി പാലാക്കാരനാണെങ്കിലും തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിക്ക് പുതിയ മേൽവിലാസമുണ്ടാക്കി വികസനത്തിന്റെ പുതുവഴികളിലേക്ക് ഈ സർക്കാർ ആശുപത്രിയെ എത്തിച്ചതിന് ശേഷമാണ് ഡോ.എം.എ.ആൻഡ്രൂസ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പദവിയിൽ നിന്നും വിശ്രമജീവിതത്തിലേക്ക് പടിയറിങ്ങുന്നത്.
ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച് ഭേദപ്പെടുത്തുകയെന്ന വലിയ ദൗത്യത്തിന് ചുക്കാൻപിടിച്ചത് ഡോ.ആൻഡ്രൂസും കൂട്ടരുമാണെന്നത് അദ്ദേഹത്തിന്റെ സർവീസ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.
തൃശൂർ മെഡിക്കൽ കോളജിന്റെ വികസന നായകൻ എന്നാണ് ഒപ്പമുള്ളവർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കോവിഡ് കേസ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത അന്നുമുതൽ ഡോ.ആൻഡ്രൂസ് മെഡിക്കൽ കോളജ് ആശുപത്രിയിലും കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഏത് ആവശ്യത്തിനും മുന്നിലുണ്ട്.
രണ്ടാം തരംഗം ആഞ്ഞടിക്കുന്പോഴും അദ്ദേഹം ലീവെടുക്കാൻ കൂട്ടാക്കാതെ കർമനിരതനാണ്. അദ്ദേഹത്തോട് ലീവെടുക്കണമെന്ന് സഹപ്രവർത്തകർ പറയുന്പോഴും അതിന് സമ്മതിക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അമരത്ത് തന്നെ ആൻഡ്രൂസ് ഡോക്ടറുണ്ടായിരുന്നു.
ഐ.സി.യു.കൾ, വാർഡുകൾ, ഒപികൾ, വെന്റിലേറ്ററുകൾ, ഐസൊലേഷൻ വാർഡുകൾ, കൂട്ടിയിരിപ്പുകാർക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയെല്ലാം യാഥാർത്ഥ്യമാക്കാൻ ഡോ.ആൻഡ്രൂസ് കൈക്കൊണ്ട നടപടികൾ അതിവേഗത്തിലായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ഞൂറോളം ബെഡുകളിൽ പ്രാണ എയർ ഫോർ കെയർ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയതിലും ഡോ.ആൻഡ്രൂസ് എന്ന ദീർഘവീക്ഷണമുള്ള ഭിഷഗ്വരന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു.
മെഡിക്കൽ കോളജിന് സ്വന്തമായി ഒരു അക്കാദമിക് ബ്ലോക്ക് യാഥാർഥ്യമാക്കിയതും, കാത്ത് ലാബ് എന്ന സ്വപ്്നത്തിന് സാക്ഷാത്കാരം നൽകിയതും നിരവധി കെട്ടിടങ്ങളുടെ നിർമാണം മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പൂർത്തിയാക്കിയതും ലീനിയർ ആക്സിലേറേറ്ററും സി.ടി.സ്കാനറും സ്ഥാപിക്കാനുള്ള നടപടികളെടുത്തതു മെഡിക്കൽ കോളജിലെ ഭൂമി കയ്യേറ്റം തടഞ്ഞതുമടക്കം നിരവധി വികസന പദ്ധതികൾ ഈ സർക്കാർ ആശുപത്രിക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാധ്യമാക്കി.
ഓക്സിജൻ ക്ഷാമം ഇല്ലാതിരിക്കാൻ തൃശൂർ മെഡിക്കൽ കോളജിന് സ്വന്തമായി ഒരു ഓക്സിജൻ പ്ലാന്റ് എന്ന ആൻഡ്രൂസ് ഡോക്ടറുടെ സ്വപ്നം വൈകാതെ യാഥാർഥ്യമാകും.
കോട്ടയം പാല കൊഴുവനാലിൽ മെക്കാട്ടുകുന്നേൽ കുടുംബാംഗമാണ്. ഭാര്യ ഡോ. നിഷി റോഷിണി മെഡിക്കൽ കോളജ് സ്ത്രീ രോഗവിഭാഗത്തിൽ അസി. പ്രഫസറാണ്. ഡോ. അഞ്ജു ത്രേസ, ഡോ.അലീന എലിസബത്ത് എന്നിവർ മക്കളും ഡോ.സാം പി. ജോസ്, ചാർട്ടേഡ് അക്കൗണ്ടന്റായ ജോവൽ ജോർജ് എന്നിവർ മരുമക്കളുമാണ്.