കൂത്തുപറമ്പ്: കണ്ണൂരിന്റെ ദുഃഖപുത്രിയായിരുന്ന അസ്ന ഇനി ആതുരസേവന പാതയിൽ സാന്ത്വനത്തിന്റെ മന്ദസ്മിതവുമായി നമ്മുടെയിടയിലേക്ക്. കൃത്രിമക്കാലിൽ ഉയർന്നുനിന്ന് കണ്ണൂരിന്റെ ദുരന്തം വിളിച്ചറിയിച്ച ആ ശബ്ദം ഇനി ആശ്വാസത്തിന്റെ മറുമരുന്നാകും. അതെ, നമ്മുടെ സ്വന്തം അസ്ന ഡോക്ടറായിരിക്കുന്നു. ഇന്നലെ വൈകുന്നേരമാണ് എംബിബിഎസ് പരീക്ഷയിൽ വിജയിച്ച വിവരം അസ്ന അറിഞ്ഞത്.
ഇനി ഒരു വർഷത്തെ ഹൗസ് സർജൻസി കോഴ്സ് കൂടി പൂർത്തിയാക്കിയാൽ പൂർണ അർഥത്തിൽ ഡോക്ടർ അസ്ന. 2013ലായിരുന്നു അസ്ന കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.
2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്നയുടെ നേർക്ക് ബോംബ് ചീറിപ്പാഞ്ഞെത്തിയത്. ബോംബേറിൽ ആനന്ദിനും പരിക്കേറ്റിരുന്നു.
വീടിനു സമീപം പൂവത്തൂർ ന്യൂ എൽപി സ്കൂളിലായിരുന്നു പോളിംഗ് സ്റ്റേഷൻ. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്തു പതിക്കുകയായിരുന്നു.
പരിക്കേറ്റ അസ്നയ്ക്കു പിന്നീട് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. എന്നാൽ, വിധിക്കെതിരേയുള്ള പോരാട്ടമായിരുന്നു അസ്നയുടെ തുടർന്നുള്ള ജീവിതം. കൃത്രിമ കാലുമായിട്ടായിരുന്നു മുന്നോട്ടുവച്ച ഓരോ ചുവടും. മിടുക്കിയായ അസ്ന അങ്ങനെ എംബിബിഎസിനു പഠിച്ചുതുടങ്ങി.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് നിർധനരായ അസ്നയുടെ കുടുംബത്തിന് വീട് നിർമിച്ചുനല്കി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം അസ്നയ്ക്ക് ഉപയോഗിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്തിരുന്നു.
“”ഏറെ സന്തോഷമുണ്ട്. ഡോക്ടറാകുകയെന്നത് ബോംബേറിൽ പരിക്കേറ്റ് ഏറെക്കാലം ആശുപത്രിയിൽ കഴിയേണ്ടിവന്ന കാലത്ത് മനസിൽ ഉടലെടുത്ത ആഗ്രഹമായിരുന്നു. ഇന്ന് അത് സഫലമായി”അസ്ന ഇത് പറയുമ്പോൾ മുഖത്ത് മിന്നിനിന്നത് ആത്മവിശ്വാസത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ കരുത്തും ആതുരസേവനത്തോടുള്ള താത്പര്യവുമായിരുന്നു.