ഡോക്ടര്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പു നടത്തിയ ഇബി ഇബ്രാഹിം എന്ന നിയയുടേത് വന്‍ ശൃംഖല. ഉന്നതരടക്കം നിരവധിപേരെ കെണിയിലാക്കി ഈ സുന്ദരി സമ്പാദിച്ചത് കോടികളാണ്. കൂട്ടുനിന്നതാകട്ടെ ഇവരുടെ കാമുകന്മാരും. ഡോക്ടറെന്നു പരിചയപ്പെടുത്തി ഒരുകോടി 25 ലക്ഷം രൂപ തട്ടിയെടുത്ത നിയയെ തിങ്കളാഴ്ച്ചയാണ് പോലീസ് പിടികൂടുന്നത്. കൊല്ലം ആദിച്ചനല്ലൂര്‍ തഴുതല ഇബി മന്‍സിലില്‍ നിയയ്ക്ക് ആരോഗ്യമേഖലയുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് പറയുന്നു.
എംബിബിഎസ് ബിരുദധാരിയാണെന്നും കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ഡോക്ടറാണെന്നും പുതുതായി ആശുപത്രി തുടങ്ങാന്‍ പോകുന്നുവെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് കോടികള്‍ തട്ടിയെടുത്തത്. ബിസിനസ് പങ്കാളി, ഡയറക്ടര്‍മാരില്‍ ഒരാള്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന മോഹനവാഗ്ദാനങ്ങളാണ് യുവതിയുടെ വലയില്‍ നിരവധിപേര്‍ വീഴാന്‍ കാരണമായത്. പട്ടം സ്വദേശിയായ ഒരാളില്‍നിന്നാണ് 1.25 കോടി തട്ടിയെടുത്തത് മുങ്ങിയത്. നിയയുടെ വാക്ചാതുര്യത്തിലാണ് പലരും വീണിരുന്നത്. ഒരാളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ പിന്നീട് ഇയാളില്‍നിന്ന് പണം തട്ടുന്നതുവരെ സൗഹൃദം പുലര്‍ത്തുന്നതായിരുന്നു ഇവരുടെ രീതി.
സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍കോളുകള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവരെ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍നിന്നു പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ഫോണുകളും വിവിധ കമ്പനികളുടെ നിരവധി സിമ്മുകളും പോലീസ് കണ്ടെത്തി. ഇബിയുടെ സഹായികളായ നാലു പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം എസി വി. സുരേഷ്കുമാര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി പ്രമോദ്കുമാര്‍, മെഡിക്കല്‍കോളജ് സിഐ സി. ബിനുകുമാര്‍, എസ്‌ഐ ബിജോയി, എസ്സിപിഒ ജയശങ്കര്‍, സി.പി.ഒ അനില്‍, വനിതാ സി.പി.ഒ അശ്വതി, സിറ്റി ഷാഡോ ടീം എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.